NEWS UPDATE

6/recent/ticker-posts

കേരള മാറിടൈം അക്കാദമി ജില്ല കേന്ദ്രം കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് കെട്ടിടത്തിൽ തുടങ്ങും; ജൂൺ ആദ്യവാരത്തിൽ കോഴ്സുകൾ ആരംഭിക്കും

ഉദുമ: കേരള മാറിടൈം ബോർഡിന്റെ കീഴിൽ ജില്ലയ്ക്ക് അനുവദിച്ച സംസ്ഥാനത്തെ മൂന്നാമത്തെ അക്കാദമി ഉദുമ പഞ്ചായത്തിൽ പാലക്കുന്നിലുള്ള കോട്ടിക്കുളം മർച്ചന്റ് നേവി കെട്ടിടത്തിൽ തുടങ്ങും. സാമുദ്രിക മേഖലയിലെ വിവിധ കോഴ്സുകൾ ഇവിടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അക്കാദമി തുറക്കുന്നത്.[www.malabarflash.com] 

മുന്നോടിയായി ലാസ്‌കർ ലൈസെൻസ് നേടുന്നതിനുള്ള യോഗത്യ പരിശീലനം ജൂൺ ആദ്യവാരം തുടങ്ങും. ഉൾനാടൻ ജലയാനങ്ങൾ
പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ പരിശീലനമാണ് നാല് ദിവസം നീളുന്ന ലാസ്‌കർ കോഴ്സിൽ നൽകുക.

അക്കാദമി തുടങ്ങുന്നതിന്റെ മുന്നോടിയായി മർച്ചന്റ് നേവി ക്ലബ്ബിലെ സൗകര്യങ്ങൾ വിലയിരുത്താൻ കണ്ണൂർ അഴിക്കൽ പോർട്ട്‌ ഓഫീസർ ക്യാപ്റ്റൻ പ്രദീപ് കെ. ജി. നായർ, പോർട്ട്‌ ഉദ്യോഗസ്ഥനായ എം. റിജു എന്നിവർ വെള്ളിയാഴ്ച്ച പാലക്കുന്നിലെത്തി ക്ലബ്‌ ഭാരവാഹികളുമായി ചർച്ച നടത്തി ധാരണയായി. 

മാറിടൈം അക്കാദമി കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌ കെട്ടിടത്തിൽ തുടങ്ങുന്നത് ഈ തീരദേശ മേഖലയിലെ ജോലി തേടുന്നവർക്ക് ഏറെ ആശ്വാസമായിരിക്കുമെന്ന് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി പറഞ്ഞു.

ജലഗതാഗത മേഖലലയിൽ വർധിച്ചു വരുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്ന സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റർ, സെക്കന്റ്‌ ക്ലാസ് മാസ്റ്റർ, ഫസ്റ്റ് ക്ലാസ് എഞ്ചിനീയർ, സെക്കന്റ്‌ ക്ലാസ് എഞ്ചിനീയർ തുടങ്ങിയ കോഴ്സുകൾ അക്കാദമിയുടെ ഈ കാമ്പസിൽ ആരംഭിക്കുമെന്ന് ക്യാപ്റ്റൻ പ്രദീപ് കെ. ജി. നായർ അറിയിച്ചു.

ഉദുമ എം. എൽ. എ. കുഞ്ഞമ്പുവിന്റെ ഏറെ നാളത്തെ ശ്രമഫലമായാണ് ജില്ലയിൽ മാറിടൈം അക്കാദമി അനുവദിച്ചത്. സി. എച്ച്. കുഞ്ഞമ്പു മഞ്ചേശ്വരം എം. എൽ. എ. ആയിരിക്കെയാണ്‌ 2006 ൽ ജില്ലയിൽ മാറിടൈം അക്കാദമി വേണമെന്ന ആവശ്യം ആദ്യം ഉയർന്നത്.ഇപ്പോൾ ഉദുമയിൽ നിന്ന് വീണ്ടും എം. എൽ. എ. ആയപ്പോൾ അദ്ദേഹത്തിന്റെ പഴയ ആവശ്യം യഥാർഥ്യമാവുകയായിരുന്നു.

Post a Comment

0 Comments