Top News

E20 ആശങ്ക; പെട്രോൾ വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവ്, ഡീസലിനും ഇലക്ട്രിക് വാഹനങ്ങൾക്കും മികച്ച മുന്നേറ്റം


ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ പാസഞ്ചർ വാഹന വിൽപ്പനയിൽ ഇടിവ്. കേന്ദ്ര സർക്കാർ പെട്രോളിൽ എഥനോൾ മിശ്രതം 20 ശതമാനം ഉൾപ്പെടുത്തിയതാണ് വിൽപ്പന കുറയാനുള്ള പ്രധാന കാരണമായി വിദഗ്‌ധർ ചൂണ്ടി കാണിക്കുന്നത്. ഇതോടെ പെട്രോൾ കാറുകളുടെ വിപണി വിഹിതം ഇടിയുകയും ഡീസൽ, സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) കൂടുതൽ നേട്ടമുണ്ടാക്കിയതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്.എ.ഡി.എ) ജൂലൈ മാസത്തെ റീട്ടെയിൽ കണക്കുകൾ വ്യക്തമാക്കുന്നു.[www.malabarflash.com]


ജൂലൈയിൽ പെട്രോൾ/എഥനോൾ വാഹനങ്ങളുടെ വിഹിതം 41.68 ശതമാനമായി കുറഞ്ഞു. ജൂണിൽ ഇത് 43.15 ശതമാനവും കഴിഞ്ഞ വർഷം ജൂലൈയിൽ 47.62 ശതമാനവുമായിരുന്നു. അതേസമയം, ജൂണിൽ 16.32 ശതമാനമായിരുന്ന ഡീസൽ വിഹിതം ജൂലൈയിൽ 17.73 ശതമാനമായി ഉയർന്നു. സി.എൻ.ജി (24.67%), ഹൈബ്രിഡ് (8.02%), ഇ.വി (7.90%) എന്നിവ സംയോജിതമായി 40.59 ശതമാനം വിപണി വിഹിതം നേടി വിൽപ്പനയിൽ പെട്രോളിനടുത്തെത്തി. ജൂലൈയിൽ മൊത്തത്തിലുള്ള പാസഞ്ചർ വാഹന റീട്ടെയിൽ വിൽപ്പന 4,16,555 യൂനിറ്റായി ഉയർന്നു. ഇത് വാർഷിക വളർച്ചയിൽ 19.13% രേഖപ്പെടുത്തി.

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്ന ഇ-20 ഇന്ധനത്തിലേക്കുള്ള മാറ്റത്തിൽ ഉപഭോക്താക്കളുടെ ആശങ്കകളാണ് വിപണിയിൽ പുതിയ ചലനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. എഞ്ചിൻ തകരാറുകൾ, മൈലേജ് കുറയുമെന്ന ഭയം, പഴയ വാഹനങ്ങളുടെ അനുയോജ്യത എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ കാരണം പലരും പെട്രോൾ കാറുകളിൽ നിന്ന് പിന്മാറി സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതായി എഫ്.എ.ഡി.എ ചൂണ്ടിക്കാണിക്കുന്നു.



രാജ്യത്ത് മൊത്തത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന ജൂലൈയിൽ സർവ്വകാല റെക്കോർഡായ 3,27,901 യൂനിറ്റിലെത്തിയിരുന്നു. ഇതോടെ രാജ്യത്തെ മൊത്തത്തിലുള്ള ഇവി വ്യാപനം മുൻവർഷത്തെ 9.6 ശതമാനത്തിൽ നിന്ന് 12.7 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലകളിലെ ശക്തമായ വളർച്ചയും, ജി.എസ്.ടി പരിഷ്കരണങ്ങളും വാഹന വായ്പകളുടെ ലഭ്യതയും ജൂലൈ മാസത്തെ മൊത്തത്തിലുള്ള ഓട്ടോമൊബൈൽ വിൽപ്പന 25.91 ലക്ഷം യൂനിറ്റിലെത്തിക്കാൻ സഹായിച്ചു. ഇത് ചരിത്രത്തിൽ ആദ്യമായാണ് ജൂലൈ മാസത്തിൽ എല്ലാ വാഹന വിഭാഗങ്ങളും ഇത്രയും ഉയർന്ന പ്രകടനം കാഴ്ചവെക്കുന്നത്.

Post a Comment

Previous Post Next Post