ബെംഗളൂരു: ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലിടിച്ചു. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസുന്ന 'ടെയിൽ സ്ട്രൈക്ക്' (Tail-strike) ആണ് ഉണ്ടായത്.
എയർ ഇന്ത്യയുടെ AI2651 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ് സമയത്തുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നേരിയ തോതിൽ നഷ്ടപ്പെടുകയും പിൻഭാഗം റൺവേയിൽ ഇടിക്കുകയുമായിരുന്നു. എന്നാൽ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണസുരക്ഷിതരാണെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി.
അപകടത്തെ തുടർന്ന് വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ വിശദമായ പരിശോധനകൾക്കായി വിമാനം നിലത്തിറക്കിയിരിക്കുകയാണ് (Grounded). ഇതേത്തുടർന്ന് ബെംഗളൂരുവിൽ നിന്നും ഡൽഹിയിലേക്കുള്ള ഇതിന്റെ മടക്ക സർവീസായ AI2652 റദ്ദാക്കി. യാത്ര മുടങ്ങിയ യാത്രക്കാർക്കായി എയർ ഇന്ത്യ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരികയാണ്.
സംഭവത്തെക്കുറിച്ച് വ്യോമയാന നിയന്ത്രണ അധികൃതരുമായി സഹകരിച്ച് എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
Air India aircraft hits tail on Bengaluru landing, return Delhi flight cancelled


Post a Comment