പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ, എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രോടെം സ്പീക്കർ ജി. സുധാകരനും തമ്മിൽ ഹസ്തദാനം ചെയ്തത് വലിയ രാഷ്ട്രീയ ശ്രദ്ധ നേടി. തിരഞ്ഞെടുപ്പ് കാലത്തെ കടുത്ത കടുപ്പമേറിയ തർക്കങ്ങൾക്കും ശത്രുതയ്ക്കും വിരാമമിടുന്നതായിരുന്നു ഈ സൗഹൃദ പ്രകടനം. സിപിഐ(എം) വിട്ട് യു.ഡി.എഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചയാളാണ് ജി. സുധാകരൻ. സുധാകരന്റെ ഈ രാഷ്ട്രീയ നിലപാടിനെ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ ഇത്തവണ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സ്പീക്കറുടെ ഡയസിനടുത്തേക്ക് വന്നപ്പോൾ, ജി. സുധാകരൻ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന് കൈ കൊടുത്ത് സ്വീകരിക്കുകയായിരുന്നു. പിണറായി വിജയനോട് തനിക്ക് വ്യക്തിപരമായ യാതൊരു വിദ്വേഷവുമില്ലെന്ന് ജി. സുധാകരൻ പിന്നീട് വ്യക്തമാക്കി.
അതേസമയം, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ച തിരിച്ചടിയെക്കുറിച്ച് സംസാരിച്ച സുധാകരൻ, ബംഗാളിലും ത്രിപുരയിലും സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാട്ടി. കേരളത്തിൽ ശരിയായ കമ്മ്യൂണിസ്റ്റ് വഴികളിൽ നിന്ന് വ്യതിചലിച്ച് മുന്നോട്ട് പോകുന്നതാണ് ഈ പരാജയത്തിന് കാരണമെന്നും ഇത് കടുത്ത തിരിച്ചടിക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.എൽ.എമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകൾ അടുത്ത ദിവസങ്ങളിൽ നടക്കും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനും, ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകൾ നേടിയ ബി.ജെ.പി തങ്ങളുടെ സ്ഥാനാർത്ഥിയായി എൻ. ഗോപകുമാറിനെയും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നുണ്ട്. 140 അംഗ നിയമസഭയിൽ യു.ഡി.എഫ് 102 സീറ്റുകളും, എൽ.ഡി.എഫ് 35 സീറ്റുകളും, ബി.ജെ.പി 3 സീറ്റുകളുമാണ് നേടിയത്.


Post a Comment