തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന 5 ജില്ലകളിലെ പ്രത്യേക വോട്ടർമാരുടെ ആദ്യപട്ടികയിൽ കാൽലക്ഷത്തോളം പേർ. ഇവർക്കുള്ള പ്രത്യേക തപാൽ ബാലറ്റ് വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും.[www.malabarflash.com]
ഡിസംബർ 8നു വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 24,621 പ്രത്യേക വോട്ടർമാരാണുള്ളതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു. കോവിഡ് പോസിറ്റീവായവരെയും ക്വാറന്റീനിൽ കഴിയുന്നവരെയുമാണു പ്രത്യേക വോട്ടർമാരായി വിശേഷിപ്പിക്കുന്നത്.
ആദ്യപട്ടികയിലുള്ളവരിൽ 8568 പേർ കോവിഡ് പോസിറ്റീവായവരും 15,053 പേർ ക്വാറന്റീനിൽ കഴിയുന്നവരുമാണ്. ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന 5 ജില്ലകളിലായി 88.26 ലക്ഷം വോട്ടർമാരാണ് ആകെയുള്ളത്. പ്രത്യേക വോട്ടർമാരുടെ പട്ടിക ഡിസംബർ 7ന് വൈകിട്ട് 3 വരെ പുതുക്കും.
പട്ടികയിൽ ഉൾപ്പെട്ടവർ കോവിഡ്മുക്തരായാലും ക്വാറന്റീനിൽ അല്ലാതായാലും തപാൽ വോട്ടു മാത്രമേ ചെയ്യാനാകുകയുള്ളു. പോളിങ് ബൂത്തിൽ പോളിങ് ഓഫിസർമാരുടെ കൈവശമുള്ള പട്ടികയിൽ ഇവരുടെ പേരുകൾക്കു നേരെ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുമെന്നതിനാൽ നേരിട്ടു വന്നു വോട്ടു ചെയ്യാനാകില്ല.
0 Comments