കാസർകോട്: ഫോണിൽ വന്ന ഒരു 'ഹലോ' കോളിന് പിന്നാലെ യുവാവിന് ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനയ്യായിരം രൂപ നഷ്ടമായി. കുമ്പള ആരിക്കാടി സ്വദേശിയായ സുരേഷാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായത്.
കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ് സുരേഷിന്റെ ഫോണിലേക്ക് അപരിചിതമായ നമ്പരിൽ നിന്നും ഒരു കോൾ വരുന്നത്. ഫോൺ എടുത്ത് 'ഹലോ' എന്ന് പറഞ്ഞയുടൻ തന്നെ കോൾ കട്ടാവുകയായിരുന്നു. എന്നാൽ പിന്നീട് രാത്രി 10 മണിയോടെ സുരേഷിന്റെ അക്കൗണ്ടിൽ നിന്നും 15,000 രൂപ പിൻവലിച്ചതായുള്ള മെസ്സേജ് ഫോണിലെത്തി.
ഇന്ന് രാവിലെ ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഇദ്ദേഹം സ്ഥിരീകരിക്കുന്നത്. തുടർന്ന് ബാങ്ക് മാനേജരുടെ നിർദ്ദേശപ്രകാരം സുരേഷ് പോലീസിൽ പരാതി നൽകി. സമാനമായ രീതിയിൽ പ്രദേശത്തെ നാലോളം പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. സൈബർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Post a Comment