Top News

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം: നാല് തൊഴിലാളികൾ മരിച്ചു

കൊല്ലം: കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടം. കിണർ ശുചീകരിക്കാനിറങ്ങിയ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. കിണറ്റിൽ കുടുങ്ങിയ നാല് പേരേയും അഗ്നിരക്ഷാസേന പുറത്ത് എത്തിച്ചു. ഗുരുതരാവസ്ഥയിൽ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടേയും ജീവൻ രക്ഷിക്കാനായില്ല.[www.malabarflash.com]


കിണറ്റിൽ നിന്നും പുറത്തെടുക്കുമ്പോൾ മൂന്ന് പേർക്ക് ജീവനുണ്ടായിരുന്നു. അഗ്നിരക്ഷാസേന പ്രവർത്തകർ ഇവർക്ക് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരും രക്ഷപ്പെട്ടില്ല. രക്ഷാപ്രവർത്തനത്തിനിടെ കൊല്ലം ഫയർ സ്റ്റേഷനിലെ വാത്മീകി നാഥ് എന്ന ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില നിലവിൽ ആശ്വാസകരമാണ്. നാലാമത്തെ ആളേയും രക്ഷപ്പെടുത്തിയ ശേഷമാണ് വാത്മീകി നാഥ് കുഴഞ്ഞുവീണത്.

ശിവപ്രസാദ് എന്ന വാവ ,സോമരാജൻ, മനോജ്, രാജൻ എന്നിവരാണ് മരണപ്പെട്ടത്. സോസോമരാജൻ, രാജൻ എന്നിവർ കൊറ്റങ്കര പോളശേരി സ്വദേശികളാണ് മനോജ്, വാവ (ശിവ പ്രസാദ്) എന്നിവർ കൊറ്റങ്കര ചിറയടി സ്വദേശികളാണ്. 

ഏറെ ആഴമുള്ള കിണർ ശുചീകരിക്കാൻ ആദ്യം ഒരു തൊഴിലാളിയാണ് ഇറങ്ങിയത്. ഇയാൾക്ക് ശ്വാസതടസ്സമുണ്ടായതോടെ രണ്ട് പേർ രക്ഷിക്കാൻ ഇറങ്ങി. ഇവരിൽ നിന്നും പ്രതികരണമൊന്നുമില്ലാതെ വന്നതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. 80 അടിയോളം ആഴമുള്ള കിണറ്റിൽ വിഷവാതകം ശ്വസിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ജനവാസമേഖലയായതിനാൽ പെട്ടെന്ന് തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കാൻ സാധിച്ചെങ്കിലും നാല് ജീവനുകൾ നഷ്ടമാവുകയായിരുന്നു.

Post a Comment

Previous Post Next Post