NEWS UPDATE

6/recent/ticker-posts

നീലേശ്വരം- പളളിക്കര സംയുക്ത ഖാസി ഇ.കെ മഹമൂദ് മുസ്‌ലിയാര്‍ അന്തരിച്ചുനീലേശ്വരം: നീലേശ്വരം: ഉത്തര മലബാറിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവും നീലേശ്വരം, പള്ളിക്കര സംയുക്ത ഖാസിയുമായ ഇ.കെ മഹമൂദ് മുസ്ലിയാര്‍ (75) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഭാര്യ: എ.സി മറിയുമ്മ. മക്കള്‍: ഷരീഫ, മിസ്‌രിയ, അഷ്‌റഫ് (അബുദാബി). മരുമക്കള്‍: റഫീഖ് ഹാജി തുരുത്തി, ഷാദുലി പള്ളിക്കര, ജുവൈരിയ നീലേശ്വരം.

1950 ലെ റബീഉല്‍ അവ്വലില്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തെ പ്രശസ്ത പണ്ഡിത കുടുംബമായ ഇടക്കാവില്‍ കോട്ടയിലായിരുന്നു. ഇ കെ മഹ്മൂദ് മുസ്ല്യാരുടെ ജനനം. പിതാവ് അറിയപ്പെടുന്ന മുദരിസായിരുന്ന മുഹമ്മദ് മുസ്ലിയാര്‍ പൊന്നാനി മഖ്ദും കുടുംബാംഗമാണ്.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉസ്താദ് തന്റെ പിതാവിന്റെ കൂട്ടുകാരനായിരുന്ന പടന്നക്കടുത്ത മുദരിസായിരുന്ന സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങളുടെ ദര്‍സില്‍ ചേര്‍ന്ന് മതപഠനം ആരംഭിച്ചു. ഒരു വര്‍ഷം അവിടെ പഠിച്ച ശേഷം ഇരിങ്ങല്ലൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ കീഴില്‍ മാട്ടൂല്‍, രാമന്തളി എന്നിവിടങ്ങളിലായി മൂന്നു വര്‍ഷം പഠനം. ശേഷം പ്രശസ്ത ഫഖീഹ് ആയിരുന്ന കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ആറ് വര്‍ഷം പഠനം നടത്തി. ഭൂരിഭാഗം കിത്താബുകളും മഹ്മൂദ് മുസ്ല്യാര്‍ ഓതി പഠിച്ചത് മഹാനായ കൈപ്പറ്റ ഉസ്താദിന്റെ കീഴിലാണ്. 

കൈപ്പറ്റ ഉസ്താദ് ഹജ്ജിന് പോകുമ്പോള്‍ തന്റെ പ്രിയ ശിഷ്യനെ സുഹൃത്തായ കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാരുടെ ദര്‍സിലേക്ക് പറഞ്ഞു വിട്ടു. മൂന്നു വര്‍ഷം അവിടെ തുടര്‍ന്ന മഹ്മൂദ് മുസ്ല്യാര്‍ ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തില്‍ ചേരുകയും 1970 ല്‍ മൗലവി ഫാസില്‍ ബാഖവി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

ഇ കെ മഹ്മൂദ് മുസ്ലിയാരുടെ കഴിവുകള്‍ മനസ്സിലാക്കിയ പണ്ഡിതനായിരുന്നു ബാഖിയാത്തിലെ അന്നത്തെ പ്രിന്‍സിപ്പല്‍ ശൈഖ് ഹസന്‍ ഹസ്‌റത്ത്. അദ്ധേഹത്തിന്റെ നിര്‍ദ്ധേശ പ്രകാരം ആണ് ഉസ്താദ് ദയൂബന്ധ് ദാറുല്‍ ഉലൂമിലേക്ക് ഉപരിപഠനത്തിനായി തിരിച്ചത്. മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍, പുറത്തീല്‍ അഹ്മദ് മുസ്ലിയാര്‍ എന്നിവര്‍ ദയൂബന്ധിലെ സഹപ്രവര്‍ത്തകരായിരുന്നു.

1971 ല്‍ ഖാസിമി ബിരുദവും കരസ്ഥമാക്കി. കണ്ണൂരിലെ പുല്ലക്കൊടി ജുമാമസ്ജിദില്‍ മുദരിസായി ആണ് മഹ്മൂദ് മുസ്ല്യാരുടെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. പ്രിയ ഗുരു ശൈഖ് ഹസന്‍ ഹസ്‌റത്ത് ആണ് ആ ദര്‍സ് ഉദ്ഘാടനം ചെയ്തത്. 

മൂന്ന് വര്‍ഷം അവിടെ ദര്‍സ് തുടര്‍ന്നു. ശേഷം കണ്ണൂര്‍ കാംബസാര്‍ പള്ളി യില്‍ ഒരു വര്‍ഷം ദര്‍സ് നടത്തിയശേഷം നീലേശ്വരം ജുമുഅത്ത് പള്ളി യില്‍ ഖതീബും മുദരിസുമായി 1976 ല്‍ ജോലി ഏറ്റെടുത്ത അദ്ദേഹം 43 വര്‍ഷമായി തുടരുന്നുവരികയായിരുന്നു.

1983 ല്‍ കാഞ്ഞങ്ങാട് ഖാസി പി എ അബ്ദുല്ല മുസ്ലിയാരാണ് മഹ്മൂദ് മുസ്ല്യാരെ നീലേശ്വരം ഖാസിയായി നിയമിച്ചത്. അന്ന് മുതല്‍ നീലേശ്വരം ഖാസി സ്ഥാനവും അദ്ദേഹം വഹിച്ചു വരുന്നു.

1994ല്‍ നീലേശ്വരത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി മര്‍കസുദ്ദഅവത്തില്‍ ഇസ്ലാമിയ്യ എന്ന സ്ഥാപനം ആരംഭിച്ചു. പിന്നീട് സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി അത് ഏറ്റെടുത്ത് നടത്തിവരുന്നു. അവിടെ യും ഉസ്താദിന്റെ മഹനീയ സേവനം തുടരുന്നു.

1986 മുതല്‍ സമസ്ത തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റും 1996 മുതല്‍ സമസ്ത കാസര്‍കോട് ജില്ല ഉപാദ്ധ്യക്ഷനുമായ ഉസ്താദ് 2018 ലാണ് സമസ്ത കേന്ദ്ര മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

ഖാസിം മുസ്‌ല്യാരുടെ നിര്യാണത്തിന് ശേഷം സമസ്ത കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മഹ്മൂദ് മുസ്ല്യാരെ തിരഞ്ഞെടുക്കപ്പെട്ടു.
നീലേശ്വരം, പള്ളിക്കര സംയുക്ത ജമാഅത്ത് ഉള്‍പ്പെടെയുള്ള നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ച് വരികയായിരുന്ന മഹ്മൂദ് മുസ്ല്യാര്‍ പാണ്ഡിത്യത്തിന്റെ ഔന്നിത്ത്യത്തിലും വിനയവും ലാളിത്യവും കൈമുതലാക്കിയ സമസ്ത നേതൃനിരയിലെ നിറ സാന്നിദ്ധ്യമായിരുന്നു.

Post a Comment

0 Comments