Top News

സഹോദരിയുടെ മകനെ തിരക്കിയിറങ്ങിയ സ്ത്രീ മതിൽ ഇടിഞ്ഞുവീണ് മരിച്ചു

പാലക്കാട്: പാൽ വാങ്ങാനായി പോയ സഹോദരിയുടെമകനെ തിരക്കിപ്പോയി മടങ്ങുന്നതിനിടെ മതിലിടിഞ്ഞുവീണ് പരിക്കേറ്റ എഴുപതുകാരി മരിച്ചു. നൂറണി പഠാണിത്തെരുവ് പറത്തെരുവിൽ ആറായി ആണ് ജില്ലാ ആശുപത്രിയിൽ മരിച്ചത്.[www.malabarflash.com]


ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പറത്തെരുവിൽ സഹോദരി, പരേതയായ അല്ലിയുടെ മകൻ രവിയോടൊപ്പമാണ് ആറായി താമസിച്ചിരുന്നത്. രാവിലെ പാൽ വാങ്ങാൻ അടുത്തുള്ള പെട്ടിക്കടയിലേക്കുപോയ രവി കുറേനേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനാൽ തിരക്കി ഇറങ്ങിയതായിരുന്നു ആറായി. കടയ്ക്കുസമീപമെത്തി രവിയെ കണ്ട് വേഗം പാൽ വാങ്ങിവരാൻ പറഞ്ഞ്‌ റോഡരികിലൂടെ തിരിച്ചുവരുമ്പോളാണ് സ്വകാര്യവ്യക്തിയുടെ പറമ്പിന്റെമതിൽ ഇടിഞ്ഞുവീണത്.

റോഡിൽനിന്ന് അല്പം ഉയർന്നുനിൽക്കുന്ന സ്ഥലത്തിന് സംരക്ഷണണമൊരുക്കി നിർമിച്ചിരുന്ന ഏഴടിയോളം പൊക്കമുള്ള മതിലിലെ സിമന്റിഷ്ടികകൾ ആറായിയുടെ ദേഹത്തേക്ക് വീണു. കാലിന് അസുഖമുള്ളതിനാൽ ഓടിമാറാനും കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. 

വീട്ടിൽനിന്ന് 100 മീറ്ററോളം ദൂരത്തായിരുന്നു അപകടം. ശബ്ദംകേട്ട് എത്തിയ സമീപവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ ആറായിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. കാലിന് ഒടിവും ശരീരത്തിൽ സാരമായ പരിക്കും ഏറ്റിരുന്നു. വൈകാതെ മരിച്ചു.

ഒഴിഞ്ഞുകിടക്കുന്ന പറമ്പിന്റെ സംരക്ഷണമതിൽ മുൻപൊരിക്കൽ പൊളിഞ്ഞുവീണതാണ്. പിന്നീട് പുതുക്കിപ്പണിതെങ്കിലും തേച്ച് ബലപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്ത് മഴപെയ്തതോടെ മതിൽ അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. 

പരേതനായ ദൊരൈസ്വാമിയാണ് ആറായിയുടെ സഹോദരൻ. മൃതദേഹം ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.

Post a Comment

Previous Post Next Post