NEWS UPDATE

6/recent/ticker-posts

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യക്കേസ്; 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്റ്റിഡയിലെടുത്ത 24ല്‍ പേരില്‍ ഉള്‍പ്പെട്ടവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.[www.malabarflash.com]

കേസില്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ മുദ്രാവാക്യം വിളിച്ചാല്‍ സംഘാടക നേതാക്കളാണ് ഉത്തരവാദികളെന്ന് ഹൈക്കോടതി വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതോടെ സംഘാടകരായ കൂടുതല്‍ പേരെ കൂടി ഈ കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ജസ്റ്റിസ് പി.വികുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. റാലിക്കെതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി. വിദ്വേഷ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ കൂടി ഇവിടെ എത്തിയിട്ടുണ്ട്.

റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. കുട്ടി എറണാകുളം ജില്ലക്കാരന്‍ ആണ്. വിവരം ആലപ്പുഴ പോലീസിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തില്‍ എത്തിയെന്നത് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.

തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. പ്രകടനത്തില്‍ കുട്ടിയെ ചുമലിലേറ്റി നടന്ന അന്‍സാര്‍ നജീബിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ പി.എ. നവാസും അറസ്റ്റിലായിട്ടുണ്ട്.

Post a Comment

0 Comments