Top News

കരിങ്കടലിൽ കപ്പലിനുനേരെ ഡ്രോണാക്രമണം; തീപ്പിടിച്ച് കപ്പൽ മുങ്ങി, ജീവനക്കാരിൽ ഇന്ത്യക്കാരുമുണ്ടെന്ന് സെലെൻസ്കി


ഈസ്താംബൂൾ: കരിങ്കടലിൽ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ടർക്കിഷ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി. കപ്പലിന്റെ ക്യാപ്റ്റനും ഒരു ജീവനക്കാരനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് റൊമാനിയൻ അധികൃതരെ ഉദ്ധരിച്ച് യൂറോന്യൂസ് റൊമാനിയ റിപ്പോർട്ട് ചെയ്തു.[www.malabarflash.com] 

കപ്പലിന് തീപ്പിടിച്ചതിനെത്തുടർന്ന് റൊമാനിയൻ കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളും ഹെലികോപ്റ്ററുകളും ചേർന്ന് 11 ജീവനക്കാരെ രക്ഷപ്പെടുത്തി. റൊമാനിയൻ തീരത്തുനിന്ന് ഏകദേശം 20 മൈൽ അകലെവെച്ച് കാണാതായ ജീവനക്കാരനായുള്ള തിരച്ചിൽ തുടരുന്നു.

തുർക്കി കമ്പനിയായ എം.ജി. ഷിപ്പിങ് 5-ന്റെ ഉടമസ്ഥതയിലുള്ള റോയാദ് മമ്മഡോവ് എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. സെന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാകയേന്തിയാണ് കപ്പൽ സർവീസ് നടത്തിയിരുന്നത്. ആക്രമണത്തിന് ഏകദേശം മൂന്നുമണിക്കൂർമുൻപ് യുക്രൈനിയൻ തുറമുഖമായ ഇസ്മയിലിൽനിന്ന് ഇറ്റലിയിലെ റവെന്നയിലേക്ക് പുറപ്പെട്ടതാണ് കപ്പലെന്ന് മാരിടൈം ട്രാഫിക് നിരീക്ഷണ സേവനങ്ങൾ വ്യക്തമാക്കുന്നു. ആക്രമണത്തിനു പിന്നിലാരാണെന്ന് റൊമാനിയൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ, ധാന്യവുമായി അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന സിവിലിയൻ കപ്പലിനുനേരെ റഷ്യ രണ്ട് ഡ്രോണുകളുപയോഗിച്ച് നടത്തിയ ഭീകരാക്രമണമാണിതെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. കപ്പലിൽ അസർബൈജാൻ, ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നെന്നും സെലെൻസ്‌കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ കുറിച്ചു.

Post a Comment

Previous Post Next Post