NEWS UPDATE

6/recent/ticker-posts

കര്‍ഷകനെയും കാര്‍ഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന വിഷു; ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി. വിഷു നമ്മുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പല്‍സമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതലെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.[www.malabarflash.com]

സാമൂഹ്യജീവിതത്തില്‍ കര്‍ഷകനെയും കാര്‍ഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ് ഇതര ഉത്സവങ്ങളില്‍ നിന്ന് ഇതിനെ വേറിട്ടുനിര്‍ത്തുന്നത്. നമ്മുടെ കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ വര്‍ഷത്തെ വിഷു.

തുല്യതയുടേതായ വേളയായിക്കൂടിയാണു പഴമക്കാര്‍ വിഷുവിനെ കാണുന്നത്. ജാതി, മത ഭേദങ്ങളില്ലാത്ത മനുഷ്യമനസ്സുകളുടെ സമത്വത്തെ ഉയര്‍ത്തിയെടുക്കുന്നതിനു പ്രചോദനം നല്‍കും അത്.

നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിലോമ ശക്തികള്‍ ഗൂഢമായ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഈ അപകടത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുളിനു മേലുള്ള വെളിച്ചത്തിന്റെ വിജയമായും വിഷുവിനെ ഐതിഹ്യങ്ങള്‍ കാണുന്നുണ്ട്.

സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങള്‍ മാറട്ടെ. ഏവര്‍ക്കും വിഷു ആശംസകള്‍, വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


Post a Comment

0 Comments