NEWS UPDATE

6/recent/ticker-posts

ജൂൺ 8; സമുദ്ര ദിനം: അരുത് കടലിനോട്‌ ഈ ചതി

സമുദ്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വാചാലരാകും. അനന്തമായ വിസ്മയ ലോകമാണ് കടലും സമുദ്രവും. മത്സ്യം തരുന്ന ഇടം എന്നതിനപ്പുറം കാണാമറയത്തെ ഉൾക്കാഴ്ചകളുടെ അപാര ശേഖരങ്ങളെ കുറിച്ചറിയാൻ നമ്മളിൽ പലരും താല്പര്യപ്പെടാറില്ല . മുത്തുകളുടെയും രത്നങ്ങളുടെയും കലവറയാണീ കടൽ.. എണ്ണിയെണ്ണി പറയാനാവാത്ത പലവിധ അമൂല്യ സ്രോതസുകളുടെ ഉറവിടമാണത്.[www.malabarflash.com]

കാലാവസ്ഥ നിയന്ത്രിക്കുന്നതും നമ്മുടെ ജീവൻ നിലനിർത്താനാവശ്യമായ ഓക്സിജന്റെ നല്ലൊരു ശതമാനം തരുന്നതും കടലാണ്. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ കടലിനെ നമ്മൾ കൊല്ലാക്കൊല ചെയ്യുകയാണിപ്പോൾ. നിഘണ്ടുവിൽ ലഭ്യമായ പദങ്ങൾ നിരത്തി കടലിനെ വർണിക്കാൻ ആരും പിശുക്ക് കാട്ടാറില്ല.
ഓരോ സമുദ്ര ദിനത്തിലും ഈ വർണന തുടരുകയാണ് നമ്മൾ. പക്ഷേ ആ ദിനം പിന്നിടുമ്പോഴും ഈ കടലുകളും കടലോരങ്ങളും മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായി നമ്മൾ അംഗീകരിച്ചുപോലെ.

മനുഷ്യനില്ലെങ്കിലും കടലെന്ന മഹാത്ഭുതം ഈ ഭൂലോക വിസ്തൃതിയുടെ മൂന്നിൽ രണ്ടു ഭാഗം കയ്യടക്കി ഇവിടെ നിലനിൽക്കും. വിസ്മയം നിലക്കാത്ത കാഴ്ചയെന്നോണം തിരമാലകൾ തീരത്തടിച്ചു 

അലമുറയിട്ടുകൊണ്ടേയിരിക്കും.അതാണ് കടൽ. ജീവന്റെ ഉത്ഭവം തന്നെ കടലിലാണെന്ന് ശാസ്ത്രീയ പഠനങ്ങൾ തന്നെയുണ്ടായിട്ടുണ്ട്. അത് സംരക്ഷിക്കേണ്ടതിനു പകരം, പെറ്റമ്മയുടെ ഉദരത്തിൽ കയറി നിന്ന് സംഹാര താണ്ഡമാടുകയല്ലേ നമ്മൾ ചെയ്യുന്നത്. കടലിൽ നമ്മൾ വലിച്ചെറിയാത്തതായി എന്താണുള്ളത്. മറുവാക്കുപോലും പറയാതെ കടലമ്മ എല്ലാം സ്വീകരിക്കും. 

വിഴുങ്ങാൻ കഴിയുന്നവയൊഴികെ മറ്റെല്ലാം കാർക്കിച്ച് തുപ്പും. അതെല്ലാം തീരത്തടിഞ്ഞു കുമിഞ്ഞു കൂടുമ്പോൾ പരിസ്ഥിതി സംരക്ഷകർ നമ്മളെ നോക്കി കണ്ണുരുട്ടികാണിക്കും. ബോധവൽക്കരണമെന്ന ചെലവുരഹിത അധരസേവനത്തിന്റെ ആയുസ് ആ ദിവസത്തോടെ അവസാനിക്കും.
ഗാന്ധിയെന്ന മഹാന്റെ ജന്മദിനത്തിൽ സന്നദ്ധസംഘടനകൾ നാടുനീളെ മാലിന്യങ്ങൾ അടിച്ചുവാരി വൃത്തിയാക്കുന്ന 'സേവന' ദൗത്യം തീരദേശ മേഖലകളിൽ എത്താറുമില്ല.

തദ്ദേശ ഭരണ നിർവഹണ കേന്ദ്രങ്ങൾക്ക് അതിനായി സ്ഥിരം സംവിധാനങ്ങളുമില്ല. ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ച നാൾ മുതൽ കടലും കടലോരങ്ങളും ഇതെല്ലാം പേറുന്നുണ്ടല്ലോ. ഇനിയും അത് തുടരട്ടെ എന്നായിരിക്കാം ആ വഴിയിലൂടെ ചിന്തിക്കുന്ന ഭൂരിപക്ഷത്തിന്റെയും കാഴ്ചപ്പാട്.

പ്ലാസ്റ്റിക് എന്ന മഹാവിപത്ത്
കരയിലായാലും കടലിലായാലും മാലിന്യങ്ങളിൽ ഏറ്റവും ഭീഷണി പ്ലാസ്റ്റിക് തന്നെ. കടലിന് താങ്ങാവുന്നതിൽ അപ്പുറത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ നിക്ഷേപിക്കപ്പെടുന്നത്. ഓരോ വർഷവും 14 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിന് ഭാരമാകുന്നത് എന്നാണ് ആധികാരിക കേന്ദ്രങ്ങളുടെ കണക്ക് . ആകെ മാലിന്യങ്ങളുടെ 80 ശതമാനവും പ്ലാസ്റ്റിക് തന്നെയാണത്രെ. പ്ലാസ്റ്റിക്കുകൾ 450 വർഷം വരെ അതേപടി കടലിൽ കിടക്കുമെന്ന് യുഎസിലെ നാഷണൽ ഓഷ്യനിക് ആൻഡ് അറ്റ്മോസ്‌ഫെറിക്ക് അഡ്മിനിസ്ട്രേഷൻ (NOAA) പറയുന്നു. മീൻ പിടുത്ത വലകൾ 600 വർഷം വരെ കിടക്കുമത്രെ. ഈ നില തുടർന്നാൽ 2050 നോട്‌ അടുക്കുമ്പോഴേക്കും കടലിലെ മത്സ്യ
സമ്പത്തിനേക്കാൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ കുമിഞ്ഞു കൂടുമെന്നാണവരുടെ നിഗമനം.

കപ്പലുകളിലെ മാലിന്യം
കപ്പലുകളിൽ നിന്ന് പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്ന ശീലം കച്ചവട കപ്പലുകളിലെ നാവികർ എന്നോ മറന്നു. 35 വർഷം മർച്ചന്റ് നേവിയിൽ ജോലി ചെയ്തവനാണ് ഈ ലേഖകൻ. കപ്പലുകളിൽ നിന്ന് എന്തും ഏതും ഇടം വലം നോക്കാതെ, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വലിച്ചെറിയാൻ ശീലമാക്കിയവരായിരുന്നു നാവികർ. പതിറ്റാണ്ടുകൾക്ക് മുൻപത്തെ ആ ശീലം ഇപ്പോഴില്ല. അതൊരു രാജ്യാന്തര നിയമമായി കഴിഞ്ഞു. ലംഘിച്ചാൽ എന്നെന്നേക്കുമായി ജോലി തെറിക്കുന്ന കർശന നിയമനങ്ങൾ ഇപ്പോൾ നിലവിലുണ്ട്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങൾ ഇൻസിനറേറ്റിൽ കത്തിച്ചു കളയാമെങ്കിലും പ്ലാസ്റ്റിക്കുകളും അനുബന്ധ മാലിന്യങ്ങളും ദിവസേന അതിനായുള്ള സഞ്ചികളിൽ കെട്ടിവെച്ച് അടുത്ത തുറമുഖത്ത് ഏൽപ്പിക്കുന്നതാണ് നിലവിലെ രീതി. കടലിന്റെ ഉപരിതലത്തിൽ ആടിക്കളിക്കുന്ന എല്ലാ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കരയിൽ നിന്നാണ് അവിടെയെത്തുന്നത്. അതിൽ ഏറെയും കടൽ കരയിലേക്ക് തന്നെ തള്ളുന്നു. ഉപേക്ഷിക്കപ്പെട്ട മീൻ പിടുത്ത വലകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവ കടൽ ജീവികൾക്ക് വലിയ ഭീഷണിയാണ്‌ .
സോളാർ അൾട്രാവയലറ്റ് റേഡിയേഷൻെറയും കാറ്റിന്റെയും ഒഴുക്കിന്റെയും സ്വാധീനത്താൽ, കടലിൽ തള്ളി വിടുന്ന പ്ലാസ്റ്റിക്കുകൾ 5 മില്ലിമീറ്ററിലും കുറഞ്ഞ ചെറുകഷണങ്ങളായി(microplastics)
രൂപാന്തരപ്പെടുമ്പോൾ അവ അദൃശ്യവസ്തുക്കളായിമാറുന്നു.കടൽ ജീവികൾ അതെല്ലാം അറിയാതെ അകത്താക്കും.പ്ലാസ്റ്റിക് നിർമാർജനത്തിനുള്ള സാങ്കേതിക, ഭൗതിക സംവിധാനങ്ങൾ മിക്ക രാജ്യങ്ങളിലും പരിമിതമാണെന്നതിനാൽ കടലിലേക്കുള്ള 'തള്ളൽ' ഏറിവരികയാണ്.


ഇതാ വരുന്നു പ്ലാസ്റ്റിക് ശേഖരിക്കാൻ കപ്പൽ
ഈ വർഷം സമുദ്ര ദിനം സമാഗതമാകുമ്പോൾ സമാശ്വാസമായൊരു പുത്തൻ വാർത്ത യുഎസിൽ നിന്ന് പുറത്തു വരുന്നുണ്ട് .കടലിൽ നിന്നും തീരങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അവ ഹൈഡ്രജ വാതകമാക്കി മാറ്റാനുള്ള സാങ്കേതിക സംവിധാനത്തോടെ കപ്പലുകൾ നിർമ്മിക്കുന്നുവെന്നതാണ് ആ ശുഭ വാർത്ത. യുഎസിലെ എച്ച് ടു (H2) വ്യവസായ സ്ഥാപനം നേവൽ ആർക്കിട്ടക്ച്ചർ കമ്പനിയും കൈകോർത്ത് പ്രവർത്തിക്കുന്ന ടെക്‌ണോലോഗ് സർവീസസ്സ്
(TECHNOLOG SERVICES) അതിനായി കപ്പൽ തന്നെ നിർമിക്കാനുള്ള പ്രാ
രംഭ നടപടികൾ അവിടെ തുടങ്ങിയിട്ടുണ്ട്. സമുദ്ര പ്രേമികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും ലോകത്തിന് മൊത്തത്തിലും ഏറെ ആശ്വാസം നൽകുന്ന വിവരമാണ് അവർ മെയ്‌ 17ന് പുറത്തുവിട്ടിരിക്കുന്നത്. ഉദാഹരണത്തിന് 600 കിലോ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് 100 കിലോ ഹൈഡ്രജൻ ഉൽപാദിപ്പിക്കാമത്രെ . ഇതു ജൈവ ദ്രാവക ഹൈഡ്രജൻ വാഹക വണ്ടിയിൽ (Liquid Organic Hydrogen Carrier-LOHC) സൂക്ഷിച്ചു വെക്കും. പിന്നീടിത് കരയിലേക്ക് മാറ്റും. 150 മീറ്റർ നീളമുള്ള ഈ കപ്പൽ 4 നോട്സ് വേഗത്തിലേ സഞ്ചരിക്കൂ. ധനസമാഹരണം പൂത്തിയായാൽ രണ്ട് വർഷം കൊണ്ട് ഓരോ കപ്പൽ വീതം നിർമിക്കാമെന്നു എച്ച് 2 കമ്പനി പറയുന്നുണ്ട്.

ലോക സമുദ്ര ദിനം
സമുദ്രത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും അതിന്റെ നാശത്തിലേക്കുള്ള ഇന്നത്തെ അവസ്ഥയ്ക്ക് തടയിടാനുമുള്ള ബോധവൽക്കരണ ദിവസമാണ് ജൂൺ 8. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ചേർന്ന ഭൗമ ഉച്ചകോടിയിലാണ് ഈ ആശയം ആദ്യം പൊങ്ങി വന്നത്. തത്വത്തിൽ ഇത് അന്ന് അംഗീകരിച്ചുവെങ്കിലും 2008 ൽ ഐക്യരാഷ്ട്ര സഭ ഇതിന് ഔദ്യോഗിക അംഗീകാരം നൽകി രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുകയാണ്. സമുദ്ര സംരക്ഷണവും പരിപാലനവുമാണ് ഇതു വഴി ലക്ഷ്യമിടുന്നത്.


കടൽ, സമുദ്രം
കടലും സമുദ്രവും തമ്മിൽ എന്താണ് വ്യത്യാസമെന്നത് പലരുടെയും ചോദ്യമാണ്. ഭൂഗോളത്തിന്റെ ഉപരിതലത്തിൽ വ്യാപിച്ചു കിടക്കുന്ന താണ് കടൽ. ഉദാ:അറേബ്യൻ, മെഡിറ്ററേനിയൻ, കരിബിയൻ മുതലായവ. ആഴവും പരപ്പും കൂടുമ്പോൾ അത് സമുദ്രമാകുന്നു.പസഫിക് , അറ്റ്ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, അന്റാർട്ടിക് എന്നിവയാണ് സമുദ്രങ്ങൾ.


-പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments