NEWS UPDATE

6/recent/ticker-posts

രാജലക്ഷ്മി കവിത എഴുതുകയാണ്... ഒപ്പം പരീക്ഷ ചൂടിലും

വെവ്വേറെ കഴിവുകളുമായാണ്‌ ഓരോരുത്തരും ജന്മമെടുക്കുന്നത്. പക്ഷേ ഒട്ടുമിക്ക 'കഴിവുകളും' ഒരു വിധം തെറ്റില്ലാതെ കൈകാര്യം ചെയ്യാൻ മിടുക്കിയായ ഒരു കലാകാരിയാണ് എം.രാജലക്ഷ്മി. 

അവൾ പാടും, നൃത്തം ചെയ്യും, ചിത്രം വരയ്ക്കും, വയലിൻ വായിക്കും. ക്രാഫ്റ്റ് വർക്കും ഒട്ടേറെ ചെയ്തിട്ടുണ്ട്. സാഹിത്യ രചനയിലാണ് ഏറെ താല്പര്യം . കഥകൾ എഴുതി, പ്രബന്ധങ്ങൾ എഴുതി. 

ഏറ്റവും ഇഷ്ടം കവിതയോടാണ്. മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷിലും ഈ മിടുക്കി കവിതകൾ എഴുതുന്നു . ഇരു ഭാഷകളിലും ഈയിടെ എഴുതിയ കവിതകൾക്ക് ഓൺ ലൈനിൽ ഏറെ ലൈക്‌ നേടിയ മികവിലാണ് രാജലക്ഷ്മിയെ പുറംലോകം അറിയാൻ തുടങ്ങിയത്. അച്ഛനും അമ്മയും തിരക്കിലാകുമ്പോൾ പരീക്ഷയുടെ തയ്യാറെടുപ്പിൽ മടുപ്പ് തോന്നാതിരിക്കാൻ മകളെ തറവാട് വീട്ടിലേക്ക് അയച്ചപ്പോൾ അവിടെവെച്ച് പരീക്ഷയെ കുറിച്ച് ഇംഗ്ലീഷിൽ ഈയിടെ എഴുതിയ കവിത ഓരോ കുട്ടിയുടെയും വിചാര വിചാരങ്ങളുടെ തനി പകർപ്പായി തോന്നി. 
ഓരോ സാഹചര്യത്തിൽ മനസ്സിൽ തട്ടുന്ന ഭാവനകൾ കവിതയായി കടലാസ്സിലേക്ക് പകർത്തും. തേച്ച് മിനുക്കി പിന്നീടതിന് പ്രാസവും രൂപഭംഗിയും ചേർത്ത് അമ്മയേയും അച്ഛനെയും വായിച്ചു കേൾപ്പിക്കും . അവരുടെ അപ്റൈസൽ കിട്ടിയാൽ കൂട്ടുകാരെയും സ്കൂളിൽ ടീച്ചർമാരെയും കാണിക്കും.അവരുടെയെല്ലാം പ്രോത്സാഹനം തുടർന്നെഴുതാൻ രാജലക്ഷ്മിക്ക് പ്രചോദനമാകുന്നു.

ഈ മാസം അവസാനത്തോടെ പരീക്ഷയുടെ ടെൻഷൻ വിട്ടൊഴിഞ്ഞാൽ രാജലക്ഷ്മി വീണ്ടും എഴുത്തിന്റെ തിരക്കിലാകും.
ഇതൊക്കെയാണെങ്കിലും പഠനത്തിലും അവൾ ഏറെ മിടുക്കിയാണെന്നു കൂടി പറഞ്ഞോട്ടെ.


പ്ലസ് 2 ന് പഠിക്കുന്ന മിടുക്കി

ഇത്രയും എഴുതിയത് രാജലക്ഷ്മിയുടെ കഴിവുകളെ കുറിച്ചാണ്. രാജലക്ഷ്മിയെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. മീത്തൽ മാങ്ങാട്ടെ മുൻ പ്രവാസിയും ഇപ്പോൾ റിക്ഷാഡ്രൈവറുമായ എം. കുമാരന്റെയും കെ.വി.ശാരദയുടെയും മകളാണ് ഈ മിടുക്കി. പത്താം തരം വരെ പഠിച്ചത് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ. അവിടെ നിന്ന് ടീച്ചർമാരിൽ നിന്ന് കിട്ടിയ പ്രോത്സാഹനം തന്റെ വഴിത്തിരിവായി എന്നാണ് അവൾ പറയുന്നത്. 

അമ്മ ശാരദ അവിടെ അധ്യാപികയായിരുന്നു. ഇപ്പോൾ പാലക്കുന്ന് അംബിക ലൈബ്രറിയിൽ പുസ്തകങ്ങളുടെ സൂക്ഷിപ്പുകാരിയാണ്. കൂടാതെ അംബിക കലാകേന്ദ്രത്തിന്റെ മേൽനോട്ടവും അംബിക കോളേജിൽ ഓഫീസ് സ്റ്റാഫായും ജോലിനോക്കുന്നുണ്ട്. 

രാജലക്ഷ്മി ഇപ്പോൾ കാസർകോട് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് 2 ന് പഠിക്കുന്നു. അനുജൻ കിഷൻ അംബികയിൽ അഞ്ചാം തരം വിദ്യാർഥിയാണ്‌.

നമ്മൾ അറിയാതെ പോകുന്ന കഴിവുറ്റ ഒട്ടേറെ പ്രതിഭകൾ നമുക്ക്‌ ചുറ്റുവട്ടത്തുമുണ്ട്. അവരെ കണ്ടെത്തി യഥാസമയം പ്രോത്സാഹനം നൽകാൻ നമുക്ക് കഴിയാറില്ല എന്നതാണ് സത്യം. സ്കൂൾ കലോത്സവങ്ങളിൽ മാറ്റുരച്ച് മടങ്ങുന്നതോടെ ഇവരുടെ കഴിവുകൾ കാണാമറയത്തേക്ക് മാഞ്ഞുപോവുകയാണെന്ന് പറയാതെ വയ്യ.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments