Top News

റിയാസ് മൗലവി വധക്കേസ്; വിധി പറയുന്നതിനുള്ള തീയതി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും

കാസര്‍കോട്: കാസര്‍കോട് പഴയചൂരിയിലെ മദ്രസാധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നതിനുള്ള തീയതി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും.[www.malabarflash.com]

കേസിന്റെ വിചാരണ പൂര്‍ത്തിയായതിന് പിന്നാലെ പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗം വാദവും പൂര്‍ത്തിയായിരുന്നു. മാര്‍ച്ച് 24ന് രണ്ട് വാദങ്ങളുടെയും വിശകലനം അടക്കമുള്ള നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. ഇതിന് ശേഷം കേസില്‍ വിധി പറയുന്നതിനുള്ള തീയതിയുടെ പ്രഖ്യാപനമുണ്ടാകും. 

റിയാസ് മൗലവി വധക്കേസില്‍ ഈ മാസം തന്നെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാവകാശം വേണ്ടിവന്നാല്‍ ഏപ്രില്‍ ആദ്യവാരത്തോടെ വിധി പറയാനുള്ള സാധ്യതയുമുണ്ട്. 

2017 മാര്‍ച്ച് 21ന് അര്‍ധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പു(26), കേളുഗുഡ്ഡെയിലെ നിധിന്‍(25), കേളുഗുഡ്ഡെയിലെ അഖിലേഷ്(30) എന്നിവരാണ് വിചാരണ നേരിട്ടത്. 

അന്നത്തെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2017 ജൂണ്‍ മാസം കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും കോവിഡ് സാഹചര്യവും പിന്നീട് ജഡ്ജിമാരുടെ സ്ഥലം മാറ്റങ്ങളും കാരണം അന്തിമവാദം തുടങ്ങാന്‍ ഏറെ വൈകുകയായിരുന്നു.

1000 പേജുള്ള കുറ്റപത്രത്തില്‍ 100 സാക്ഷികളെയും ഉള്‍പ്പെടുത്തിയിരുന്നു. കൊലപാതകം, വര്‍ഗീയകലാപശ്രമം, അതിക്രമിച്ചുകടക്കല്‍, അക്രമിക്കാനായി സംഘം ചേരല്‍, കുറ്റം മറച്ചുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു.

പിന്നീട് വിചാരണക്കായി കേസ് ഫയലുകള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറുകയായിരുന്നു.

Post a Comment

Previous Post Next Post