NEWS UPDATE

6/recent/ticker-posts

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിര വ്യാജ അശ്ലീല വീഡിയോ ട്വിറ്ററില്‍ അപ് ലോഡ് ചെയ്തയാള്‍ പിടിയിലായി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് അബ്ദുള്‍ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളെ തൃക്കാക്കരയില്‍ എത്തിക്കും.[www.malabarflash.com]


ട്വിറ്ററിലൂടെ അബ്ദുള്‍ ലത്തീഫാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ മുസ്ലിം ലീഗ് അനുഭാവിയാണെന്നും പോലീസ് പറയുന്നു. എന്നാല്‍ ഔദ്യോഗികമായ ഭാരവാഹിത്വം ഉള്ളതായി പോലീസ് വ്യക്ത വരുത്തിയിട്ടില്ല.

വ്യാജ ട്വിറ്റര്‍ ഐഡി ഉപയോഗിച്ചാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ട്വിറ്ററര്‍ അധികൃതര്‍ ഇത് സംബന്ധിച്ച് പോലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്റര്‍ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച ആളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. ഫെയ്‌സ്ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് അധികൃതരില്‍ നിന്ന് ഇത് സംബന്ധിച്ച വിവരം പോലീസ് തേടിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ എവിടെ നിന്ന്‌ ശേഖരിച്ചു എന്നതടക്കം ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുമെന്നാണ് പോലീസ് കണക്കാക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിനത്തിലാണ് ദൃശ്യം അപ്‌ലോഡ് ചെയ്തയാളെ പോലീസ് പിടികൂടിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വ്യാജ ദൃശ്യം പ്രചരിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന ചര്‍ച്ചയായിരുന്നു. വീഡിയോ പ്രചരിപ്പിച്ച നിരവധിപേരെ പോലീസ് ഇതിനോടം അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഭാരാവാഹികളടക്കം ഇതിലുള്‍പ്പെട്ടിട്ടുണ്ട്. ദൃശ്യം അപ്‌ലോഡ് ചെയ്തയാളെ പിടികൂടാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വീഡിയോ അപ്‌ലോഡ് ചെയ്തവരെ പിടികൂടിയാല്‍ വാദി പ്രതിയാകുമെന്നായിരുന്നു സതീശന്റെ പ്രതികരണം. ഇതിനിടയിലാണ് ലീഗ് അനുഭാവിത്വമുള്ള ആളെ പോലീസ് പിടികൂടിയിരിക്കുന്നത്.

Post a Comment

0 Comments