ബേക്കല്‍: ബേക്കലിൽ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. ട്രെയിൻ തട്ടിയ ആൾ മരിച്ചു. തിക്കിലും തിരക്കിലും കുട്ടികള്‍ ഉള്‍പ്പടെ 15ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ(19) ആണ് മരിച്ചത്. തിരക്കിനിടെ റെയിൽപാളത്തിലേക്ക് പോയ ഇയാളെ ട്രെയിൻ ഇടിക്കുകയായിരുന്നു. [www.malabarflash.com]
തിങ്കളാഴ്ച രാത്രി 9. 30 മണിയോടെ കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം. ബേക്കല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പാർക്കിനോട് ചേർന്നാണ് റെയിൽവേ പാളവും സ്ഥിതി ചെയ്യുന്നത്. നിശ്ചയിച്ചതില്‍ നിന്നും ഏറെ വൈകിയായിരുന്നു വേടന്‍ പരിപാടിക്ക് എത്തിയത്. ഇതിനികം ആയിര കണക്കിന് പേർ പരിപാടി കാണുന്നതിനായി സ്ഥലത്ത് എത്തിയിരുന്നു.
വേടന്റെ പരിപാടി ആരംഭിച്ച ഉടൻ തിക്കുംതിരക്കും ഉണ്ടാവുകയായിരുന്നു. ആദ്യം കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ പലരും കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരക്കിൽ പെട്ട നിരവധി ആളുകൾ പലവഴിക്ക് ഓടി. പാളം മുറിച്ച് കടക്കുമ്പോഴാണ് ശിവാനന്ദയെ ട്രെയിൻ ഇടിച്ചത്. മറ്റൊരാളെയും ട്രെയിനിടിച്ചതായും വിവരമുണ്ട്. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് ബേക്കലിൽ ഒഴുകിയെത്തിയത്. സംഭവത്തെ തുടർന്ന് പരിപാടി നിർത്തിവച്ചു.


Post a Comment