NEWS UPDATE

6/recent/ticker-posts

കോവിഡ് ബാധിതരുടെ വര്‍ദ്ധന; ബഹ്റൈനില്‍ ജുമുഅ പുനരാംരംഭിക്കുന്നത് നീട്ടിവെച്ചു

മനാമ: ബഹ്​റൈനിലെ പള്ളികളിൽ ജുമുഅ: പുനരാരംഭിക്കാനുള്ള തീരുമാനം നീട്ടിവെച്ചതായി രാജ്യത്തെ മതകാര്യവിഭാഗമായ നീതിന്യായ, ഇസ്​ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം അറിയിച്ചു.[www.malabarflash.com]

നേരത്തെ ജൂൺ 5 മുതൽ ജുമുഅ: പുനരാരംഭിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത്​ കോവിഡ്​ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്​ചയിലെ സമൂഹപ്രാർഥന നീട്ടിവെക്കാന്‍ തീരുമാനമായതെന്ന് മതകാര്യ വിഭാഗത്തെ ഉദ്ധരിച്ച് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജുമുഅ പുനരാരംഭിക്കുന്നതിനുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 19നാണ് ബഹ്റൈനിലെ പള്ളികളില്‍ ജുമുഅ: നിസ്കാരങ്ങള്‍ നിര്‍ത്തിവെച്ചത്. ഇതിനു ശേഷവും മറ്റു ജമാഅത്തുകള്‍ തുടര്‍ന്നിരുന്നുവെങ്കിലും മാര്‍ച്ച് 23 ന് എല്ലാ പള്ളികളും പൂര്‍ണ്ണമായും അടച്ചിടണമെന്ന് അധികൃതര്‍ ‌അറിയിക്കുകയായിരുന്നു. ഇതോടെ വിശുദ്ധ റംസാനും  ഈദും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി വിശ്വാസികള്‍ വീട്ടില്‍ വെച്ചായിരുന്നു ആരാധനാകര്‍മ്മങ്ങള്‍ നടത്തി വന്നിരുന്നത്.

ഇതിനിടെ, കഴിഞ്ഞ ആഴ്ച രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവന്നതോടെ ജൂണ്‍ 5 മുതല്‍ മുന്‍കരുതലുകള്‍ പാലിച്ച് പള്ളികള്‍ തുറക്കുമെന്ന് മന്ത്രാലയം അറിയിക്കുകയായിരുന്നു. എന്നാല്‍ പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള അവധി ദിനങ്ങളിലുമുണ്ടായ അനിയന്ത്രിതമായ സന്പര്‍ക്കത്തെ തുടര്‍ന്ന് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് കരുതുന്നത്.

ബുധനാഴ്ച പ്രാദേശികസമയം വൈകിട്ട് 4.30 വരെ ബഹ്റൈനില്‍ 5144 പേരാണ് അസുഖബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 10 പേര്‍ ഗുരുതരാവസ്ഥയിലാണുള്ളത്. ബുധനാഴ്ച ഒരു പ്രവാസി യുവാവ് കൂടി മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 20 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 335895 പേരിലാണ് കോവിഡ് പരിശോധന നടന്നതെന്നും ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചു.

Post a Comment

0 Comments