Top News

പാലത്തായി ബാലികാ പീഡനം: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയില്‍

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ഇരയുടെ മാതാവാണ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.[www.malabarflash.com]

ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗല്‍ എക്‌സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റുമുണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് പോലിസ് കുറ്റപത്രം നല്‍കിയത്. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തതുകൊണ്ടുതന്നെ പ്രതിക്ക് ജാമ്യം അവകാശമാവുന്നില്ല.
പോക്‌സോ ഒഴിവാക്കിയ കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്‌സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ക്രിമിനല്‍ ചട്ടനിയമത്തിന്റെ 439(1A) പ്രകാരം ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയനേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും സ്‌കൂള്‍ രേഖകള്‍ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലടച്ച് കേസിന്റെ വിചാരണ നടത്തേണ്ടതുണ്ടെന്നും അഡ്വ.മുഹമ്മദ് ഷാ, അഡ്വ.സൂരജ്, അഡ്വ.ജനൈസ് എന്നിവര്‍ മുഖാന്തരം കൊടുത്ത അപേക്ഷയില്‍ പറയുന്നു. 

കുറ്റപത്രത്തില്‍ 376 ഐപിസി, അതുപോലെ പോക്‌സോ വകുപ്പുകള്‍ ചേര്‍ക്കണമെന്നാവശ്യപെട്ട് ഇരയുടെ മാതാവ് തലശ്ശേരി പോക്‌സോ കോടതിയെ സമീപിച്ചിരുന്നു. പോക്‌സോ കോടതി തുടരന്വേഷണത്തിനുത്തരവിട്ടെങ്കിലും ഈ അന്വേഷണ ഉദ്യോഗസ്ഥരില്‍ വിശ്വാസമില്ലാത്തതിനാല്‍ നിഷ്പക്ഷരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പുനരന്വേഷണസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരയുടെ മാതാവിന്റെ അഭിഭാഷകര്‍ അറിയിച്ചു.

Post a Comment

Previous Post Next Post