NEWS UPDATE

6/recent/ticker-posts

ദുബൈയില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം തടവ്‌

ദുബൈ: ദുബൈയിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും (25 വർഷം) അതിന് ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ.[www.malabarflash.com]

കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43)നെയാണ് ശിക്ഷിച്ചത്. ഇതുസംബന്ധമായി തങ്ങൾക്ക് വിവരം ലഭിച്ചതായി വിദ്യയുടെ സഹോദരൻ വിനയൻ പറഞ്ഞു.

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഓണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊലപാതകം. സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോവുകയും ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തു. മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം.

തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പോലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.



16 വർഷം മുൻപ് വിവിഹിതരായ ഇരുവരും തമ്മിൽ ആദ്യകാലം മുതലേ സ്വരച്ചേർച്ചയിലായിരുന്നില്ല. യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. മക്കളോടും സ്നേഹത്തോടെ പെരുമാറിയിരുന്നില്ല. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്.

കൊലയ്ക്ക് 11 മാസം മുൻപായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്. ഭർത്താവിന്റെ പിന്തുണയില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി നാട്ടിലെ ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടക്കാനാണ് ദുബൈയില്‍ ജോലിക്ക് ശ്രമിച്ചത്. ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയിരുന്നു. മക്കളായ ശ്രദ്ധ, വരദ എന്നിവരുടെ സ്കൂള്‍ സംബന്ധമായ കാര്യങ്ങൾക്കാണ് പോയത്.

കൊലയ്ക്ക് ഒരു മാസം മുൻപാണ് യുഗേഷ് ദുബൈയിലെത്തിയത്. ഇത് വിദ്യക്ക് അറിയാമായിരുന്നു. നേരത്തെ ഒന്നിലേറെ പ്രാവശ്യം പ്രതി വിദ്യയെ തേടി അവർ ജോലി ചെയ്യുന്ന ഓഫീസിലെത്തിയിരുന്നു.
വിദ്യ ജോലി ചെയ്തിരുന്ന കമ്പനി ഉടമയായ തമിഴ്നാട്ടുകാരനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ഇദ്ദേഹത്തെ കോടതി വിസ്തരിച്ചിരുന്നു. ഫെബ്രുവരി 13നായിരുന്നു വിചാരണ ആരംഭിച്ചത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിച്ചു. 

Post a Comment

0 Comments