NEWS UPDATE

6/recent/ticker-posts

പൊതുസ്ഥലങ്ങളില്‍ ഈദ്ഗാഹില്ല, പള്ളികളില്‍ 100 പേര്‍ മാത്രം; ബലികര്‍മവുമായി ബന്ധപ്പെടുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം: ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ മുസ്‌ലിം മതനേതാക്കളുടെ യോഗത്തില്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ അഭ്യര്‍ഥിച്ചു. എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യമേര്‍പ്പെടുത്താമെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം. പൊതുസ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. 

സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. പരമാവധി 100 പേര്‍. അതിലധികമാളുകള്‍ പാടില്ലെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
ബലികര്‍മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ മുസ്‌ലിം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടത്തിയത്. കോവിഡ് മഹാമാരിയുടെ ഭീഷണി ഗുരുതരമായി വരുന്ന സാഹചര്യം കണക്കിലെടുത്താണ് അവരുമായി ചര്‍ച്ച നടത്തിയത്. ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്തകയുള്ളുവെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 

നമ്മുടെ ആരോഗ്യത്തിനും ആരോഗ്യസംവിധാനങ്ങള്‍ക്കും മുന്‍ഗണന നല്‍കി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാമെന്ന ഉറപ്പും യോഗത്തില്‍ പങ്കെടുത്തവര്‍ നല്‍കുകയുണ്ടായി.
പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കുക എന്ന ധാരണയാണ് പൊതുവെ ഉണ്ടായിരിക്കുന്നത്. ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയുമുണ്ടാവും. നേരത്തെ തുറക്കാതിരുന്ന പള്ളികളില്‍ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ശ്രേഷ്ഠപരമെന്നു കരുതുന്ന മതപരമായ ചടങ്ങുകള്‍ സമൂഹത്തിന്റെ നന്‍മയെ കരുതി ക്രമീകരിക്കാന്‍ ഉയര്‍ന്ന മനസ് കാട്ടിയ എല്ലാവരോടും നന്ദി അറിയിക്കട്ടെ. കോവിഡിന്റെ പശ്ചാലത്തില്‍ റമദാന്‍ കാലത്തും ഉയര്‍ത്തിപിടിച്ച നന്‍മയുടെ സന്ദേശം ബലിപെരുന്നാള്‍ ഘട്ടത്തിലും പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാവുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, സയ്യിദ് ഖലീലുള്‍ ബുഹാരി, പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മുസ്‌ല്യാര്‍, ടി പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എം ഐ അബ്ദുല്‍ അസീസ്, ടി കെ അഷറഫ്, ഡോ. ഇ കെ അഹമ്മദ്കുട്ടി, ആരിഫ് ഹാജി, പ്രഫ. പി ഒ ജെ ലബ്ബ, സി പി കുഞ്ഞുമുഹമ്മദ്, ഇ പി അഷ്‌റഫ് ബാഖവി, മരുത അബ്ദുല്‍ അസീസ് മൗലവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments