NEWS UPDATE

6/recent/ticker-posts

കിറ്റക്സ് തൊഴിലാളികളുടെ അക്രമം; 156 പേർ കസ്റ്റഡ‍ിയിൽ, 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത്  ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ  കൂടുതൽ നടപടിക്ക് സാധ്യത.[www.malabarflash.com]

അക്രമവുമായി ബന്ധപ്പെട്ട് ഞായറാഴ്ച  156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുടെ അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. ഇവരുടെ മെഡിക്കൽ പരിശോധനകളും കോവിഡ് ടെസ്റ്റ് നടത്തിയശേഷം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. 

പോലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അതിഥിത്തൊഴിലാളികൾ അഴിഞ്ഞാടിയത്. ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി. മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി. 

കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പോലീസിനെ അറിയിച്ചത്. പോലീസെത്തിയിതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവിൽ പോലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് രക്ഷപെടേണ്ടിവന്നു.

ഒരു പോലീസ് വാഹനം കത്തിച്ച അക്രമികൾ രണ്ടെണ്ണം അടിച്ചു തകർത്തു. തുടർന്ന് റൂറൽ എസ്പി അടക്കമുളളവ‍ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് നൂറ്റിയൻപത്തിയാറ് പേരെ കസ്റ്റിഡിയിൽ എടുത്തത്. തുടർന്ന് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പോലീസ് തീകത്തിച്ചവരെ അടക്കം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.

കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ പരിക്കേറ്റ കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കം അഞ്ച് പോലീസുദ്യോഗസ്ഥർ ചികിത്സയിലാണ്.

Post a Comment

0 Comments