NEWS UPDATE

6/recent/ticker-posts

രാത്രി പത്തുമണിക്ക് ശേഷം പാര്‍ട്ടി വേണ്ട; ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്. വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി.[www.malabarflash.com]


രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാര്‍ട്ടികള്‍ പാടില്ലെന്നാണ് പോലീസിന്റെ നിര്‍ദേശം. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസും നല്‍കും.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഈ പാര്‍ട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാതിരിക്കാനാണ് പോലീസിന്റെ ശ്രമം.

അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ ഹോട്ടലില്‍നടന്ന ഡി.ജെ. പാര്‍ട്ടിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ പാര്‍ട്ടികളിലെല്ലാം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയിരുന്നത്. മാത്രമല്ല, ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന സംഭവങ്ങളും അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലഹരി ഒഴുകാന്‍ സാധ്യതയുള്ള ഡി.ജെ. പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Post a Comment

0 Comments