NEWS UPDATE

6/recent/ticker-posts

പ്രവാസികൾക്ക്​ വീണ്ടും നിരാശ; ജൂലൈ ആറ്​ വരെ ദുബൈയിലേക്ക്​ സർവീസ്​ ഉണ്ടാവില്ലെന്ന്​ എയർ ഇന്ത്യ

ദുബൈ: ബുധനാഴ്​ച മുതൽ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ അവസാനിക്കുമെന്ന്​ പ്രതീക്ഷിച്ച പ്രവാസികൾക്ക്​ വീണ്ടും നിരാശ. ജൂലൈ ആറ്​ വരെ ദുബൈയിലേക്ക്​ സർവീസ്​ ഉണ്ടാവില്ലെന്ന്​ എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങൾക്ക്​ മറുപടികൊടുക്കുന്നതിനിടെ ട്വിറ്ററിലാണ്​ ഇക്കാര്യം അറിയിച്ചത്​.[www.malabarflash.com] 

യാത്രാനിബന്ധനകളിൽ അനിശ്​ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം. യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജൂലൈ ആറ്​ വരെ വിമാനസർവീസ്​ ഉണ്ടാവില്ലെന്നും കൂടുതൽ വിവരങ്ങൾ വെബ്​സൈറ്റിലൂടെയും ട്വിറ്റർ പേജിലൂടെയും അറിയിക്കാമെന്നുമാണ്​ യാത്രക്കാരന്റെ സംശയത്തിന്​ മറുപടിയായി എയർ ഇന്ത്യ ട്വീറ്റ്​ ചെയ്​തത്​.

രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ബുധനാഴ്​ച മുതൽ ദുബൈയിലേക്ക്​ മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ വാക്​സിൻ നിർബന്ധമാക്കിയതായി ശനിയാഴ്​ചയാണ്​ ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചത്​. 

23 മുതൽ രണ്ട്​ ഡോസ്​ വാക്​സിൻ നിർബന്ധമാണെന്നായിരുന്നു അറിയിപ്പ്​. ബുധനാഴ്​ച മുതൽ സർവീസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്​സും അറിയിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു. എന്നാൽ, പലകാര്യങ്ങളിലും അവ്യക്​തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ നിർത്തിവെക്കുകയായിരുന്നു. ഞായറാഴ്​ച ഉച്ചക്ക്​ നിർത്തിവെച്ച ടിക്കറ്റ്​ ബുക്കിങ്​ ഇതുവരെ പുനരാരംഭിച്ചില്ല.

നാട്ടിൽ നിന്ന്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ ഫലം വേണമെന്ന നിർദേശമാണ്​ പ്രധാന തടസമായി നിൽക്കുന്നത്​. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതിന്​ സംവിധാനം ഏർപെടുത്താനുള്ള ഒരുക്കത്തിലാണെന്ന്​ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയെ ഉദ്ദരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. എന്നാൽ, എന്ന്​ മുതലാണ്​ സംവിധാനം ഏർപെടുത്തുന്നതെന്ന്​ വ്യക്​തമാക്കിയിട്ടില്ല. കേരളത്തിലും സംസ്​ഥാന സർക്കാർ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നാണ്​ അറിയുന്നത്​. 

എന്നാൽ, മറ്റ്​ ചില വിഷയങ്ങളിലും അനിശ്​ചിതാവസ്​ഥയുണ്ട്​. മറ്റ്​ എമിറേറ്റുകളിലെ വിസക്കാർക്ക്​ ദുബൈയിലെത്താമോ, വാക്​സിനെടുക്കാത്ത കുട്ടികൾക്ക്​ യാത്ര ചെയ്യാമോ, ആറ്​ മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയവർക്ക്​ യാത്രാവിലക്കുണ്ടോ, ജി.ഡി.ആർ.എഫ്​.എയുടെ അനുമതി വേണോ തുടങ്ങിയ വിഷയങ്ങളിൽ എയർ​ലൈനുകൾക്ക്​ പോലും വ്യക്​തമായ ഉത്തരമില്ല. ഈ സാഹചര്യത്തിലാണ്​ ബുക്കിങ്​ നിർത്തിയത്​. സോൾഡ്​ ഔട്ട്​ എന്നാണ്​ ഇവരുടെ വെബ്​സൈറ്റുകളിൽ കാണിക്കുന്നത്​.

Post a Comment

0 Comments