NEWS UPDATE

6/recent/ticker-posts

ശബ്ദവും, വെളിച്ചവും നിലച്ചു; വാടക വിതരണ മേഖല തീരാദുരിതത്തില്‍

കാസര്‍കോട്: കോവിഡ് 19 മഹാമാരിയില്‍ പൊതുപരിപാടികളും ആഘോഷങ്ങളും നിയന്ത്രിച്ചതോടെ പന്തല്‍, അലങ്കാരം, ലൈറ്റ് & സൗണ്ട് മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ജീവിതം താറുമാറായി.[www.malabarflash.com] 

കോവിഡില്‍പെട്ട് മാസങ്ങളായി ഈ മേഖല പാടെ സ്തംഭിച്ചിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് പരിപാടികള്‍ നടക്കുന്ന ജില്ലയില്‍ കോവിഡ് നിയന്ത്രണം വന്നതോടെ മാര്‍ച്ച് മാസം മുതലാണ് ജില്ലയിലെ 650ല്‍പരം ഉടമകളും ആയരിക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായത്. 

3 മാസക്കാലം പൂര്‍ണ്ണമായും അടച്ച് പൂട്ടിയ ഈ മേഖലനിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ചുരുക്കം ചില പരിപാടികള്‍ മാത്രമാണ് നടന്നത്. എന്നാല്‍ വീണ്ടും പല സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ വളരെയേറെ പ്രതിസന്ധിയിലായിരിക്കുകയാണ്. 

മാസങ്ങളോളം ഉപയോഗിക്കാതിരുന്നതോടെ സൗണ്ട്, ലൈറ്റ് എന്നീ ഉപകരണങ്ങള്‍ പലതും കേടായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ലക്ഷങ്ങള്‍ വിലയുള്ള കാര്‍പ്പറ്റുകളും, പന്തല്‍ അലങ്കാര വസ്തുക്കളും പൂപ്പല്‍ പിടിച്ച നിലയിലും, ഇരുമ്പ് പൈപ്പുകളും, തകരഷീറ്റുകളും തുരുമ്പ്പിടിച്ച് പോകുന്ന ഒരു വല്ലാത്ത അവസ്ഥയിലുമാണ് ഈ രംഗം. 

സ്വന്തം മേഖല പ്രതിസന്ധിയിലായതോടെ കുടുംബം പോറ്റാന്‍ നിത്യചിലവിന് പോലും കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് ഹയര്‍ ഗുഡ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഈ മേഖലയിലുള്ളവരില്‍ പലരും ജില്ലയിലെ റോഡ്‌വക്കിലും മറ്റും പൂച്ചെട്ടി വിറ്റും മറ്റുമായി ജീവിതം
തള്ളിനീക്കുകയാണ്. 

കോവിഡ് വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ ഈ രംഗത്തുള്ള ഉടമകളും തൊഴിലാളികളും ഏറെ ആശങ്കയിലാണ്. കടുത്ത പ്രതിസന്ധിയിലായ ഈ മേഖലയിലുള്ളവരെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും സംഘടന നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന തലത്തില്‍ സംഘടന അതിജീവന സമരം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ മാറ്റിവെക്കുകയാണ് ഉണ്ടായത്. 

2020ലെ വാഹന നികുതികള്‍ ഒഴിവാക്കുക, നാല് ശതമാനം പലിശയില്‍ നിലവിലുള്ള സാധനങ്ങളുടെ ഈടില്‍ അഞ്ച് ലക്ഷം രൂപ വരെ ബാങ്ക് ലോണ്‍ അനുവദിക്കുക, ഇളവുകള്‍ നല്‍കി പരിപാടികള്‍ നടത്താനുള്ള സാഹചര്യം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് ജില്ലാ
ഭാരവാഹികളായ രാധാകൃഷ്ണന്‍ ചിത്ര, ജലാല്‍ മര്‍ത്തബ, മുരളീധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 

Post a Comment

0 Comments