Top News

മദ്യ അഴിമതി കേസ്; ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാളിനെ വിട്ടയച്ചു

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ചേദ്യം ചെയ്ത് വിട്ടയച്ചു. ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെ സിബിഐ ആസ്ഥാനത്ത് എത്തിയ കെജ്രിവാൾ രാത്രി എട്ടുമണിയോടെയാണ് മടങ്ങിയത്.ചോദ്യം ചെയ്യലിനിടയില്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ സമയമാണ് കെജ്രിവാളിന് ഭക്ഷണം കഴിക്കുന്നതിനായി അനുവദിച്ചത്.[www.malabarflash.com]

നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സിബിഐ ആസ്ഥാനത്തിനു മുന്നിലെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയോടൊപ്പമായിരുന്നു കെജ്രിവാള്‍ എത്തിയത്. പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് രാഘവ് ഛദ്ദ, സഞ്ജയ് സിംഗ് എന്നിവരുള്‍പ്പടെയുള്ള നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യനയ അഴിമതി കേസില്‍ സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് സാക്ഷിയായിട്ടാണെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. സിബിഐ വിളിപ്പിച്ചതിന് പിന്നില്‍ ബാഹ്യ പ്രേരണയുണ്ടെന്ന് തീര്‍ച്ചയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായി മറുപടി നല്‍കും. സിബിഐ 100 ദിവസം വിളിപ്പിച്ചാല്‍ 100 ദിവസവും ഹാജരാകുമെന്നായിരുന്നു കേജരിവാള്‍ പറഞ്ഞിരുന്നത്. താന്‍ അഴിമതിക്കാരന്‍ ആണെങ്കില്‍ ലോകത്തില്‍ ആരും തന്നെ സത്യസന്ധരല്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ചോദ്യം ചെയ്യലിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍.



സമീപകാലത്ത് ഭരണത്തിലിരിക്കവെ ഒരു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് എത്തുന്നത് ആദ്യമാണ്. എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് മദ്യനയ അഴിമതി കേസില്‍ കെജ്രിവാളിനെ സാക്ഷിയാക്കി സിബിഐ സമന്‍സ് അയച്ചത്. മദ്യലോബിക്ക് അനുകൂലമായി നയം രൂപീകരിച്ചെന്നായിരുന്നു എഎപി സര്‍ക്കാരിനെതിരെ അന്വേഷണ ഏജന്‍സികളുടെ ആരോപണം.

Post a Comment

Previous Post Next Post