NEWS UPDATE

6/recent/ticker-posts

'ഷാരോണിനെ വിളിച്ചുവരുത്തിയത് കൊല്ലാന്‍ തീരുമാനിച്ച്'; കൊന്നത് കഷായത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന് പോലീസ്

തിരുവനന്തപുരം: കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.[www.malabarflash.com] 

വീട്ടിലുണ്ടായിരുന്ന കീടനാശിനി കഷായത്തില്‍ ചേര്‍ത്താണ് ഷാരോണിനെ കുടിപ്പിച്ചത്. തുടര്‍ന്ന് വീടിനുള്ളില്‍ വച്ച് ഛര്‍ദ്ദിച്ചപ്പോള്‍ സുഹൃത്തിനൊപ്പം ഷാരോണ്‍ ഇറങ്ങി പോവുകയായിരുന്നെന്ന് ഗ്രീഷ്മ മൊഴി നല്‍കിയതായി എഡിജിപി വ്യക്തമാക്കി. 

ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. എന്നാല്‍ ഷാരോണ്‍ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞു.

ബോട്ടിലിലെ കഷായം അല്ല കൊലപാതകത്തിന് ഉപയോഗിച്ചത്. വീട്ടിലുണ്ടാക്കിയ കഷായമെന്നാണ് ഗ്രീഷ്മ പറഞ്ഞത്. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തും. kapiq എന്ന കീടനാശിനിയാണ് കഷായത്തില്‍ കലര്‍ത്തിയത്. ഈ കീടനാശിനിയില്‍ കോപ്പര്‍സര്‍ഫെറ്റ് സാന്നിധ്യമില്ലെന്നും എഡിജിപി പറഞ്ഞു.

ഷാരോണിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൂടി കിട്ടിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മനസിലാകൂ. നേരത്തെ ഗ്രീഷ്മ കൊലപാതകശ്രമം നടത്തിയതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.

Post a Comment

0 Comments