NEWS UPDATE

6/recent/ticker-posts

അബദ്ധത്തില്‍ തന്റെ അക്കൗണ്ടില്‍വന്ന കോടികളുമായി യുവാവ് മുങ്ങി

അബദ്ധത്തില്‍ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന കോടികളുമായി യുവാവ് മുങ്ങി. കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 436 വീടുകളിലേക്ക് നല്‍കാനുള്ള തുകയാണ് ഒരു യുവാവിന്റെ അക്കൗണ്ടില്‍ അബദ്ധത്തില്‍ വന്നത്. രണ്ടാഴ്ച കൊണ്ട് ഈ തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയ ശേഷമാണ് ഇയാള്‍ മുങ്ങിയത്. ഇയാള്‍ക്കെതിരെ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് നഗരസഭാ അധികൃതര്‍.[www.malabarflash.com]

ജപ്പാനിലെ യമാഗുചിയിലുള്ള ആബു നഗരസഭയിലാണ് സംഭവം. കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വീടുകള്‍ക്ക് ധനസഹായം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നഗരസഭയ്ക്ക് അനുവദിച്ച തുകയാണ് നഷ്ടമായത്. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ വീട്ടുകാര്‍ക്ക് റെസിഡന്‍സ് ടാക്‌സ് അടക്കാനുള്ള സബ്‌സിഡിയായാണ് തുക നഗരസഭകള്‍ക്ക് നല്‍കിയത്. ഇതു പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 436 വീടുകളുടെ പട്ടികയും അക്കൗണ്ട് വിവരങ്ങളും നഗരസഭയില്‍നിന്നും ബന്ധപ്പെട്ട ബാങ്കിലേക്ക് വന്നു.

ഓരോ വീടുകള്‍ക്ക് ഒരു ലക്ഷം യെന്‍ എന്ന നിരക്കില്‍ 436 മില്യന്‍ യെന്‍ (22.7 കോടി രൂപ) ആണ് അനുവദിച്ചിരുന്നത്. ഈ തുക ഓരോ വീട്ടുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. ഈ പട്ടികയില്‍ 24 വയസ്സുകാരനായ ഒരു യുവാവുമുണ്ടായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാള്‍ അടുത്ത കാലത്താണ് ഈ നഗരത്തിലേക്ക് വന്നത്. അധികമാളുകള്‍ക്കൊന്നും ഇയാളെ കുറിച്ച് അറിവില്ലായിരുന്നു. 

436 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ പ്രിന്റൗട്ട് എടുത്തപ്പോള്‍ സാങ്കേതിക തകരാര്‍ കാരണം അതില്‍ ഈ യുവാവിന്റെ അക്കൗണ്ട് വിവരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് ശ്രദ്ധിക്കാതെ ഒരു നഗരസഭാ ഉദ്യോഗസ്ഥന്‍ പ്രിന്റൗട്ട് ബാങ്കിന് നല്‍കി. എല്ലാവരുടെയും തുക അവര്‍ക്ക് വിതരണം നല്‍കാന്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ഇടാനാണ് നഗരസഭ അങ്ങനെ പട്ടിക നല്‍കിയതെന്ന് തെറ്റിദ്ധരിച്ച ബാങ്കുകാര്‍ മൊത്തം തുകയായ 436 മില്യന്‍ യെന്‍ ഇയാളുടെ അക്കൗണ്ടിലിട്ടു.

ഇക്കാര്യം ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പണം കിട്ടിയ യുവാവ് ആവട്ടെ ദിവസവും ചെറിയ തുക വീതം പല അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. രണ്ടാഴ്ച കൊണ്ട് ഈ തുക മുഴുവന്‍ ഇയാള്‍ പല അക്കൗണ്ടുകളിലേക്ക് മാറ്റി. തട്ടിപ്പ് എളുപ്പത്തില്‍ കണ്ടുപിടിക്കാതിരിക്കാനായിരുന്നു ഇത്.

തുടര്‍ന്ന്, പണം ഒരാളുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് മനസ്സിലായ നഗരസഭാ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. യുവാവിനെ കണ്ടെത്തിയെങ്കിലും പല അക്കൗണ്ടുകളിലേക്ക് ഇട്ടു പോയതിനാല്‍ തുക തിരിച്ചുനല്‍കാനാവില്ലെന്ന നിലപാടാണ് ഇയാള്‍ എടുത്തത്. അതോടെ ഉദ്യോഗസ്ഥര്‍ കുടുങ്ങി. 

നിലവിലെ നിയമപ്രകാരം, ഇതു മോഷണമായി വ്യാഖ്യാനിക്കാനാവില്ല. പിന്നെ ഏതു നിയമപ്രകാരം ഇയാളെ പൂട്ടും എന്നറിയാതെ അവര്‍ കുഴങ്ങി. ഇതിനു പിന്നാലെ യുവാവ് മുങ്ങി. നിലവില്‍ ഒരു കടയില്‍ ജോലി ചെയ്യുകയായിരുന്ന യുവാവ് അവിടെനിന്നും രാജിവെക്കുകയും വാടകവീട് ഉപേക്ഷിച്ച് മുങ്ങുകയുമായിരുന്നു. ഇയാളെ കണ്ടുപിടിക്കാനാവാത്തതിനാല്‍ അതോടെ അധികൃതര്‍ പെട്ടു.

തുടര്‍ന്നാണ് ആബു നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് നല്‍കാന്‍ തീരുമാനിച്ചത്. കേസ് ചെലവുകളും നഷ്ടപരിഹാരത്തുകയും ഇയാളില്‍നിന്നും തിരിച്ചുവാങ്ങണമെന്നാവശ്യപ്പെട്ടാണ് കേസ്. കഴിഞ്ഞ ദിവസം കോടതി ഈ കേസ് എടുത്തു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒരു നഗരത്തെ മുഴുവന്‍ കബളിപ്പിച്ച യുവാവിന്റെ കഥ വലിയ വാര്‍ത്തയായിരിക്കുകയാണ് ഇവിടെ.

Post a Comment

0 Comments