NEWS UPDATE

6/recent/ticker-posts

സന്ധിവേദന, ക്ഷീണം; കോവിഡ് മുക്തരായി രണ്ടു വർഷത്തിനിപ്പുറവും വിട്ടുമാറാതെ ലക്ഷണങ്ങൾ

ബീജിങ്: കോവിഡ് മുക്തരായവരിൽ അമ്പതു ശതമാനം പേർക്കും രണ്ടുവർഷത്തിനിപ്പുറവും ആരോ​ഗ്യപ്രശ്നങ്ങൾ നീണ്ടുനിൽക്കുന്നതായി പഠനം. കോവിഡ് ബാധിച്ച് ആശുപത്രി വാസത്തിലൂടെ കടന്നുപോയവരിൽ പകുതിയോളം പേർക്കും ഇപ്പോഴും ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും തുടരുന്നു എന്നാണ് പഠനം പറയുന്നത്. ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.[www.malabarflash.com]


ചൈനയിൽ നിന്നുള്ള 1192 കോവിഡ് രോ​ഗ മുക്തരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 2020ൽ മഹാമാരിയുടെ ആദ്യതരം​ഗത്തിൽ കോവിഡ് ബാധിച്ചവരായിരുന്നു ഇവർ. ശാരീരിക-മാനസിക ആരോ​ഗ്യം പലരിലും മെച്ചപ്പെട്ടെങ്കിലും കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് ബാധിച്ചവരുടെ ആരോ​ഗ്യനില മോശമാവുകയാണ് ചെയ്തതെന്നാണ് പഠനത്തിൽപറയുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് മുക്തരിൽ പ്രാരംഭ ഘട്ടത്തിലെ അണുബാധ മാറിയെങ്കിലും പൂർണമായും വൈറസിൽ നിന്ന് മുക്തമാകാൻ രണ്ടുവർഷത്തോളം എടുത്തെന്നാണ് ചൈന ജപ്പാൻ ഹോസ്പിറ്റൽ പ്രൊഫസറും പഠനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളുമായ ബിൻ സിയാവോ പറയുന്നത്.

അമിതക്ഷീണവും മസിലുകളുടെ ബലക്കുറവുമാണ് കൂടുതൽ പേരിലും റിപ്പോർട്ട് ചെയ്ത ലക്ഷണങ്ങൾ. സന്ധിവേദന, തലകറക്കം, തലവേദന, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയും കോവിഡ് മുക്തരിൽ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കണ്ടെത്തി.

കോവിഡ് മുക്തരിൽ പ്രത്യേകിച്ചും ദീർഘനാൾ കോവിഡ് രോ​ഗം ബാധിച്ചവരുടെ ആരോ​ഗ്യാവസ്ഥ തുടർന്നും നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്.

Post a Comment

0 Comments