NEWS UPDATE

6/recent/ticker-posts

ജെസിബി ഉപയോഗിച്ച് എടിഎം മെഷ്യന്‍ പൊക്കി; വ്യത്യസ്ത മോഷണത്തില്‍ നഷ്ടപ്പെട്ടത് 27 ലക്ഷം രൂപ

മഹാരാഷ്ട്ര: ജെസിബി ഉപയോഗിച്ച് എടിഎം കൗണ്ടർ തകർത്ത് മോഷണം. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് അസാധാരണ മോഷണം നടന്നത്. സാംഗ്ലിയിലെ മിറാജ് ഏരിയയിലെ ആക്‌സിസ് ബാങ്കിന്റെ എടിഎം മെഷ്യന്‍ അടക്കമാണ് മോഷണം പോയത്.[www.malabarflash.com]

എടിഎം മെഷീനിൽ 27 ലക്ഷം രൂപയുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഞായറാഴ്ചയാണ് സംഭവം നടന്നത്.സമീപത്തുളള പെട്രോൾ പമ്പിൽ നിന്നും മോഷ്ടിച്ച ജെസിബി ഉപയോഗിച്ചാണ് കളളന്മാർ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 

"പെട്രോൾ പമ്പിൽ നിന്ന് ഒരു ജെസിബി മോഷ്ടിക്കപ്പെട്ടു, തുടർന്ന് ഈ ജെസിബി ഉപയോഗിച്ച് എടിഎം മെഷ്യന്‍ മോഷ്ടിച്ചു. മോഷ്ടിച്ച ജെസിബിയും എടിഎം മെഷ്യനും കണ്ടെത്തി. എടിഎം മെഷീനിൽ 27 ലക്ഷം രൂപയുണ്ടായിരുന്നു,"എന്ന് പോലീസ് ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു.

എടിഎം കൗണ്ടറിനുളളിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, മോഷ്ടാക്കളിൽ ഒരാൾ ആദ്യം എടിഎമ്മിൽ കയറി വാതിൽ തുറന്നതിന് ശേഷം പുറത്തേക്ക് പോകുന്നത് കാണാം. ഇതിന് പിന്നാലെ ജെസിബി ഉപയോഗിച്ച് എടിഎമ്മിന്റെ വാതില് തകർക്കുകയും ശേഷം ജെസിബിയുടെ സഹായത്തോടെ എടിഎം മെഷ്യന്‍ മോഷ്ടിക്കുന്നതും കാണാം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

മോഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. മോഷ്ടാക്കളെ പുകഴ്ത്തിയും കുറ്റപ്പെടുത്തിയുമൊക്കെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും മൂലം ഭാവിയിൽ ഇത്തരം മോഷണ ശ്രമങ്ങൾ വർധിച്ചുവരാൻ സാധ്യതയുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളിലൊന്ന്. "മണി ഹീസ്റ്റ് 2023'' ലെ സീസൺ ആണോയിതെന്നുവരെ കമന്റുകൾ വന്നിട്ടുണ്ട്.

Post a Comment

0 Comments