NEWS UPDATE

6/recent/ticker-posts

ഇന്‍റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിന്‍റെ മറവില്‍ 'ന്യൂജെന്‍ ലഹരി' വില്‍പന; കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട

കണ്ണൂർ: കണ്ണൂരിൽ  വീണ്ടും മയക്കുമരുന്ന് വേട്ട. പടന്നപാലത്ത് നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 207 എൽഎസ്ഡി സ്റ്റാമ്പുകളും ലഹരി ഗുളികകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം എംഡിഎമ്മുമായി അറസ്റ്റിലായ ബൽക്കീസ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. വ‍ർഷങ്ങളായി ഇന്‍റീരിയൽ ഡിസൈനിങ് കടയുടെ മറവിൽ ബൽക്കീസും ബന്ധുവും ചേർന്ന് ലഹരി വിൽപ്പന നടത്തുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.[www.malabarflash.com]


കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഴുപ്പിലങ്ങാട് സ്വദേശികളായ ബൽക്കീസിനെയും ഭർത്താവ് അഫ്സലിനെയും രണ്ട് കിലോയോളം എംഡിഎമ്മുമായി പോലീസ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് ബസിൽ ചുരിദാർ പീസുകളുടെ പാർസലിൽ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയത്. ഈ പാർസൽ ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ബൽക്കീസിനെയും ഭർത്താവിനെയും കൂടാതെ ഇവരുടെ ബന്ധുവും പടന്നപാലത്തെ കടയുടെ ഉടമയുമായ ജനീസിനും ലഹരികടത്തിൽ വ്യക്തമായ പങ്കുണ്ട്.

തുടർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർ സ്ഥിരമായി ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് മനസ്സിലായത്. പിന്നാലെ ബൽക്കീസ് ജോലി ചെയ്യുന്ന പടന്നപാലത്തെ കടയിൽ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് 207 എൽഎസ്‍‍‍ഡി സ്റ്റാമ്പും ലഹരിഗുളികകളും കണ്ടെത്തി. ഇന്‍റീരിൽ ഡിസൈനിങ് കടയുടെ മറവിൽ ഇവർ വർഷങ്ങളായി ലഹരി വസ്തുക്കൾ കടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവിൽ നിന്ന് ഇവർക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്നത് നിസാമാണെന്നാണ് പോലീസിന് കിട്ടിയ വിവരം. ഒളിവിൽ പോയ ഇവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി. നിലവിൽ ഇവർക്കെതിരെ 4 കേസുകൾ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടു പേരെയും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments