Top News

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗംചെയ്ത കേസ്; അന്താരാഷ്ട്ര കുറ്റവാളി ഷാര്‍ജയില്‍നിന്ന് പിടിയിൽ

പാലാ: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാ ഖാനാണ് (43)അറസ്റ്റിലായത്. ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


വീടുകൾ തോറും പാത്ര കച്ചവടവുമായി നടന്നിരുന്ന ഇയാൾ പാലായിലെ ഒരു വീട്ടിൽ കച്ചവടത്തിനായി എത്തുകയും, വീട്ടിൽ തനിച്ചായിരുന്ന മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. 2008-ലാണ് സംഭവം. തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

പ്രതിയെ പിടികൂടുന്നതിനുവേണ്ടി എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തുകയും ചെയ്തു. യാഹ്യാ ഖാനെ വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പഴുതടച്ച റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോൾ 2024 ജനുവരിയിൽ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചു.

ഷാർജയിൽ നിന്നും പിടികൂടിയ ഇയാളെ വിമാന മാർഗം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി കൊച്ചിയിൽ എത്തിച്ചു. പാലാ ഡിവൈഎസ്പി സദന്‍ കെ, പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, എസ്.ഐ ബിജു കുമാർ( ഇന്റർ പോൾ ലെയ്സൺ ഓഫീസർ ) എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post