NEWS UPDATE

6/recent/ticker-posts

യുഎഇ വികസനം; മലയാളികളുടെ പങ്കിനെ പ്രകീര്‍ത്തിച്ച് അബുദാബി രാജകുടുംബാംഗം, മുഖ്യമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പ്

അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ ഊഷ്മള വരവേല്‍പ്പ്. അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് നഹ്യാന്റെ മകനും യുഎഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഷഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ അബുദാബിയിലെ കൊട്ടാരത്തില്‍ സ്വീകരിച്ചത്.[www.malabarflash.com]


യുഎഇയുടെ വികസനത്തില്‍ മലയാളികള്‍ വഹിച്ച പങ്കിനെ ശൈഖ് നഹ്യാന്‍ പ്രകീര്‍ത്തിച്ചു. ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികള്‍ യുഎഇക്ക് എന്നും മുതല്‍ക്കൂട്ടാണെന്നും പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും യുഎഇ മന്ത്രി പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ഭരണം കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന് ശൈഖ് നഹ്യാന്‍ കൂടിക്കാഴ്ചയില്‍ എടുത്തു പറഞ്ഞു.

കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ശൈഖ് നഹ്യാന് വിശദീകരിച്ചു. ഇന്ത്യക്കാരോട് വിശേഷിച്ച് മലയാളികളോട് യു.എ.ഇ ഭരണകൂടം കാണിക്കുന്ന സ്‌നേഹത്തിനും സാഹോദര്യത്തിനും മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി ശൈഖ് നഹ്യാന് കൂടിക്കാഴ്ചക്ക് ശേഷം സമ്മാനിച്ചു.

വെള്ളിയാഴ്ച ദുബായില്‍ എക്‌സ്‌പോ 2020 കേരള പവലിയന്‍ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥിയാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം എക്‌സ്‌പോ കമ്മീഷണര്‍ ജനറല്‍ കൂടിയായ ശൈഖ് നഹ്യാന്‍ സ്വീകരിച്ചു.

വ്യവസായ മന്ത്രി പി. രാജീവ്, നോര്‍ക്ക വൈസ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യുസഫലി, കെ എസ് ഐ ഡി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്കം, മുഖ്യമന്ത്രിയുടെ ഒ എസ് ഡി മിര്‍ മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments