Top News

സഹോദരങ്ങൾ തമാശയ്ക്ക് ഫോൺ ഒളിച്ചുവച്ചു; 13-കാരൻ ജീവനൊടുക്കി

തിരുവനന്തപുരം: വിഴിഞ്ഞത്ത് 13-കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. മൊബൈൽ ഫോണിൽ കളിക്കുന്നത് സംബന്ധിച്ച് ഇളയ സഹോദരങ്ങളും കൂട്ടുകാരുമായി പിണങ്ങി കെട്ടിത്തൂങ്ങിയ ആദിത്യനാണ് മരിച്ചത്. വിഴിഞ്ഞം വെങ്ങാനൂർ മുക്കോല മുടുപാറവിള വീട്ടിൽ മനോജിൻ്റെയും നിജിയുടെയും മകനാണ് ആദിത്യൻ. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം.[www.malabarflash.com]


മത്സ്യത്തൊഴിലാളികളായ മാതാപിതാക്കൾ ജോലി സംബന്ധമായി പുറത്തു പോയിരുന്നു. ഈ സമയം ആദിത്യനും അനുജൻ ആഷിസും അനുജത്തി അനന്യയുമാണ് വീട്ടിലുണ്ടായിരുന്നത്. മൊബൈൽ ഫോണിൽ കളിക്കുന്നതിനിടയിൽ പിണങ്ങിയ ആദിത്യൻ മുറിക്കുള്ളിൽ കയറി കതകടച്ചു. കുറച്ച് സമയം കഴിഞ്ഞ് അമ്മുമ്മ ഗിരിജ ആദിത്യനെ അന്വേഷിച്ചതിനെ തുടർന്ന് കുട്ടികൾ മുറിയിൽ മുട്ടി വിളിച്ചെങ്കിലും കതക് തുറന്നില്ല.

വിവരമറിഞ്ഞ് അയൽപ്പക്കത്തുള്ളവർ എത്തി വാതിൽ തുറന്നപ്പോഴാണ് ഷോളുപയോഗിച്ച് ജനൽകമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ നാട്ടുകാർ കുരുക്കഴിച്ച് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണമടഞ്ഞു.വെങ്ങാനൂർ ചാവടിനട ഗവ.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഫോർട്ട് എ.സി ഷാജി, വിഴിഞ്ഞം സി.ഐ പ്രജീഷ് എന്നിവർ സ്ഥലത്തെത്തി . ഇന്ന് ഫോറൻസിക് വിദഗ്ദർ സ്ഥലം സന്ദർശിച്ച് രിശോധന നടത്തുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post