NEWS UPDATE

6/recent/ticker-posts

മരിച്ചെന്നു കരുതി ബന്ധുക്കൾ ഖബറടക്കി; രണ്ടാഴ്ചക്കുശേഷം വയോധികൻ തിരിച്ചെത്തി

ബേപ്പൂർ: മരിച്ചെന്നു കരുതി ബന്ധുക്കൾ ഖബറടക്കിയയാൾ രണ്ടാഴ്ചക്ക് ശേഷം വീട്ടിലെത്തി. നാലകത്ത് ചെറിയതോപ്പിൽ ആലി എന്ന ഹൈദരലിയാണ്(65) വീട്ടിൽ തിരിച്ചെത്തിയത്. മേയ് 28ന് ശനിയാഴ്ച മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് എൻ.സി. ഹൗസിൽ താമസിക്കുന്ന സഹോദരി സുബൈദയുടെ വീട്ടിലേക്കാണ് ഹൈദരലി കയറിവന്നത്. ഇതോടെ അമ്പരപ്പിലായ വീട്ടുകാരും, ബന്ധുക്കളും വിവരം പൊലീസിനെയും പള്ളി കമ്മിറ്റിയിലും അറിയിച്ചു.[www.malabarflash.com]


ഹൈദരലി 24ാമത്തെ വയസ്സിൽ വിവാഹിതനായെങ്കിലും അധികം താമസിയാതെ ഭാര്യയെ ഉപേക്ഷിച്ച് കുടുംബങ്ങളുമായി ബന്ധമില്ലാതെ കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിലും, സെൻട്രൽ മത്സ്യമാർക്കറ്റിലും ജോലിയെടുത്ത് നഗരത്തിൽ അലഞ്ഞുതിരിഞ്ഞു ജീവിക്കുകയായിരുന്നു. കുറച്ചു വർഷങ്ങളായി പ്രായാധിക്യവും അസുഖങ്ങളും കാരണം മുതലക്കുളം ഭാഗത്ത് കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. മൂന്നാഴ്ച മുമ്പ് മിഠായിത്തെരുവു ഭാഗത്ത് അവശനിലയിൽ കണ്ട ഇയാളെ പൊലീസ് , പാരാ ലീഗൽ വളന്റിയർമാരുടെ സഹായത്താൽ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് ഒരാഴ്ചക്കുശേഷം മുതലക്കുളം ഭാഗത്തുള്ള തെരുവ് കച്ചവടക്കാർ ഹൈദരലി മരിച്ചു എന്ന വിവരം സഹോദരിയുടെ മകനെ ഫോണിൽ വിളിച്ചറിയിച്ചു. തുടർന്ന് ബന്ധുക്കൾ ബീച്ച് ആശുപത്രിയിൽ അന്വേഷിച്ചെത്തിയെങ്കിലും ആശുപത്രി അധികൃതർ രജിസ്റ്റർ പരിശോധിച്ച് ഇങ്ങനെ ഒരാൾ ഇവിടെ ചികിത്സക്ക് എത്തിയിട്ടില്ലെന്നും മരിച്ച വിവരങ്ങൾ ഇല്ലെന്നും അറിയിച്ചു. ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ രേഖകളുമായി എത്താനാണ് നിർദേശിച്ചത്.

മേയ് 13-ന് ഹൈദരലിയുടെ ആധാർകാർഡും രേഖകളുമായി ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുകയും അധികൃതർ രേഖകൾ പരിശോധിച്ച് ഒത്തു നോക്കിയതിന് ശേഷം, മൃതശരീരം ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി ബന്ധുക്കൾക്ക് കൈമാറി. അസുഖബാധിതയായി കിടക്കുന്ന സഹോദരിക്ക് മൃതദേഹം കാണുന്നതിനു വേണ്ടി മാത്തോട്ടത്തെ സഹോദരിയുടെ വീട്ടിൽ എത്തിച്ചതിനു ശേഷം മാത്തോട്ടം ഖബർസ്ഥാനിൽ മറവ് ചെയ്തു.

ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തിയതിന് ശേഷം 'പരേതൻ' തിരിച്ചെത്തിയത് ബാധ്യതയായപ്പോൾ വീട്ടുകാർ പാരാലീഗൽ വളന്റിയർമാരെ വിളിച്ച് ഇദ്ദേഹത്തെ മറ്റേതെങ്കിലും അഗതിമന്ദിരത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

ഇതു പ്രകാരം വളന്റിയർമാരായ പറന്നാട്ടിൽ പ്രേമൻ, സലീം വട്ടക്കിണർ , മുനീർ മാത്തോട്ടം എന്നിവർ വീട്ടിലെത്തിയപ്പോഴാണ്, ഇദ്ദേഹത്തെയാണ് രണ്ടാഴ്ചമുമ്പ് ഇതേ വളന്റിയർമാർ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരവും, മരിച്ചു എന്ന് കരുതി ആളെ മാറി ഖബറടക്കിയ വിവരവും നാട്ടുകാർ അറിയുന്നത്.

Post a Comment

0 Comments