NEWS UPDATE

6/recent/ticker-posts

അതിതീവ്ര മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, കാസറകോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.[www.malabarflash.com]

കേരളത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

2020 ഓഗസ്റ്റ് 9: ആലപ്പുഴ, കണ്ണൂര്‍, വയനാട്, കോഴിക്കോട്,മലപ്പുറം, ഇടുക്കി,കാസറഗോഡ്. എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. 

ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആയ 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. നിലവില്‍ കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. 

രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം.

2020 ഓഗസ്റ്റ് 9: കൊല്ലം,പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്. 2020 ഓഗസ്റ്റ് 10 : കണ്ണൂര്‍, മലപ്പുറം. എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

Post a Comment

0 Comments