NEWS UPDATE

6/recent/ticker-posts

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ യാത്രക്കാര്‍ക്കുള്ള ടെസ്റ്റിംഗ് തുടങ്ങി

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുന്ന വിദേശ യാത്രക്കാര്‍ക്കുള്ള ടെസ്റ്റിംഗ് തുടങ്ങി.  ജില്ലയില്‍ 13 പേര്‍ക്ക് വെള്ളിയാഴ്ച  കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ടു പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.[www.malabarflash.com]

ജില്ലയിലെ നാലു തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി വെള്ളിയാഴ്ച കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13ന് സൗദി അറേബ്യയില്‍ നിന്ന് എഐ 1946 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 32കാരന്‍, ജൂണ്‍ 18ന് ഒമാനില്‍ നിന്ന് ഒവി 1412 വിമാനത്തില്‍ എത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 40കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ അഞ്ചു പേര്‍ സിഐഎസ്എഫുകാരും മൂന്നു പേര്‍ കണ്ണൂര്‍ ഡിഎസ്‌സി സെന്ററിലുള്ളവരുമാണ്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ മൂന്നിന് ഡല്‍ഹിയില്‍ നിന്ന് എഐ 1946 വിമാനത്തിലെത്തിയ ഡല്‍ഹി സ്വദേശി 30കാരന്‍, ജൂണ്‍ നാലിന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശികളായ 28കാരന്‍, 26കാരന്‍, ഹരിയാന സ്വദേശി 27കാരന്‍, ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ ഹരിയാന സ്വദേശി 26കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍.
കണ്ണൂര്‍ ഡിഎസ്‌സിയിലെ മീററ്റ് സ്വദേശി 53കാരന്‍, ഡല്‍ഹി സ്വദേശികളായ 55കാരന്‍, 51കാരന്‍ എന്നിവര്‍ ജൂണ്‍ 10ന് നിസാമുദ്ദീന്‍മംഗള എക്‌സ്പ്രസിലാണ് കണ്ണൂരിലെത്തിയത്. ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നെത്തിയ മാട്ടൂല്‍ സ്വദേശി 64കാരന്‍, ജൂണ്‍ 22ന് ബെംഗളൂരുവില്‍ നിന്നെത്തിയ ചെമ്പിലോട് സ്വദേശി 33കാരന്‍ എന്നിവരാണ് രോഗബാധയുണ്ടായ മറ്റു രണ്ടു പേര്‍. 

വലിയ വെളിച്ചത്ത് താമസിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 32കാരനാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 394 ആയി. ഇവരില്‍ 251 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19035 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 83 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 150 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 21 പേരും വീടുകളില്‍ 18753 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 13382 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12434 എണ്ണത്തിന്റെ ഫലം വന്നു. 948 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ നാലു തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 

കണ്ണൂര്‍ കോര്‍പറേഷനിലെ 20ാം ഡിവിഷന്‍, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ നാലാം വാര്‍ഡ്, ചെമ്പിലോട് പഞ്ചായത്തിലെ 13ാം വാര്‍ഡ്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ആറാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പേരാവൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Post a Comment

0 Comments