NEWS UPDATE

6/recent/ticker-posts

ചൈനീസ് കോവിഡ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍

വാഷിങ്ടണ്‍: കോവിഡ് ഗവേഷണത്തിലേര്‍പ്പെടുകയും നിര്‍ണായക കണ്ടെത്തലുകള്‍ക്ക് അടുത്തെത്തുകയും ചെയ്ത ചൈനീസ് പ്രഫസറെ അമേരിക്കയിലെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.[www.malabarflash.com]

പിറ്റ്‌സ്ബര്‍ഗ് മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാല കംപ്യൂട്ടേഷനല്‍ ആന്റ് സിസ്റ്റംസ് ബയോളജി വിഭാഗം റിസര്‍ച്ച് അസി. പ്രഫസര്‍ ബിങ് ലിയു(37)വിനെയാണ് പെന്‍സില്‍വാനിയ റോസ് ടൗണ്‍ഷിപ്പിലെ വസതിയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇദ്ദേഹത്തിന്റെ വീടിന് സമീപം കാറിനുള്ളില്‍ ഹാവോ ഗു(46) എന്ന മറ്റൊരാളെയും വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹാവോ ഗു ബിങ് ലിയുവിനെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചെന്നാണ് പോലിസ് നിഗമനം. 

സംഭവസമയം ലിയുവിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹത്തിനു തലയ്ക്കും കഴുത്തിനും വയറിലുമാണ് വെടിയേറ്റത്. വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെയോ മോഷണശ്രമത്തിന്റെ ലക്ഷണം കണ്ടെത്താനായിട്ടില്ല.
കോവിഡ് 19മായി ബന്ധപ്പെട്ട ഗവേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിങ് ലിയുവിന്റെ ദാരുണാന്ത്യമെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 

കൊറോണ വൈറസിന്റെ സെല്ലുല്ലാര്‍ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇദ്ദേഹം ഗവേഷണം നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ലിയു നിര്‍ണായക കണ്ടെത്തലുകളുടെ അടുത്തെത്തിയിരുന്നുവെന്നും സര്‍വകലാശാല അറിയിച്ചു. 

ബിങ് ലിയു ഏറെ കഴിവുള്ള വ്യക്തിയായിരുന്നുവെന്നും അങ്ങേയറ്റം ബുദ്ധിമാനും കഠിനാധ്വാനിയുമായിരുന്നുവെന്നും പിറ്റ്‌സ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ കംപ്യൂട്ടേഷനല്‍, സിസ്റ്റം ബയോളജി വിഭാഗം മേധാവി ഇവറ്റ് ബഹര്‍ പറഞ്ഞു. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ അംഗങ്ങള്‍ ലിയുവിന്റെ ഗവേഷണം പൂര്‍ത്തിയാക്കുമെന്ന് പ്രതിജ്ഞയെടുത്തു. 

നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരില്‍ നിന്ന് കംപ്യൂട്ടേഷനല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ലിയു, പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ യൂനിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് അസോഷ്യേറ്റ് ആകുന്നതിന് മുമ്പ് കാര്‍നെഗി മെലോണ്‍ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആയി ജോലി ചെയ്തിരുന്നു. 

ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഉല്‍ഭവിച്ച കൊറോണ വൈറസ് ലോകത്ത് 3.67 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 2.58 ലക്ഷത്തിലേറെ പേരുടെ മരണത്തിനു കാരണമാവുകയും ചെയ്‌തെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

Post a Comment

0 Comments