NEWS UPDATE

6/recent/ticker-posts

ഗെയില്‍ പൈപ്പ് ലൈന്‍ ജൂണ്‍ ആദ്യവാരം കമ്മീഷന്‍ ചെയ്യും; കാഞ്ഞങ്ങാട് സിറ്റി ഗ്യാസ് ഈ മാസം പ്രവര്‍ത്തനം തുടങ്ങും

കാഞ്ഞങ്ങാട് : കൊച്ചി-മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ജൂണ്‍ ആദ്യവാരം കമ്മീഷന്‍ ചെയ്യും. കൊച്ചി മുതല്‍ മംഗലാപുരം വരെ 444 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി.[www.malabarflash.com]

ഇനി ചന്ദ്രഗിരി പുഴയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ട പ്രവര്‍ത്തി മാത്രമാണ് ബാക്കിയുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പൂര്‍ണ്ണമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. 

ഈ പ്രവര്‍ത്തി ഈ മാസം തന്നെ പൂര്‍ത്തിയാകും. അതിനു മുമ്പേ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുള്ള കാത്തങ്ങാട്ടെ സിറ്റി ഗ്യാസ് പദ്ധതി ഈ മാസം 20ന് മുമ്പു തന്നെ പ്രവര്‍ത്തന ക്ഷമമാകും. 

കോട്ടപ്പാറയില്‍ റോഡരികിലായി അമ്പത് സെന്റ് ഭൂമിയില്‍ സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇവിടെ നിന്നുമായിരിക്കും ഗാര്‍ഹീക ഉപയോഗത്തിന് ഉള്‍പ്പെടെ പാചകവാതകം പൈപ്പ് ലൈന്‍ വഴി നല്‍കുക. 

കോട്ടപ്പാറയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള പൈപ്പ് അടച്ചു കൊണ്ടായിരിക്കും ഇവിടുത്തെ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാക്കുക. ഇപ്പോള്‍ കൊച്ചിയില്‍ നിന്നും പൈപ്പിലൂടെ ഇങ്ങോട്ടേക്ക് പാചക വാതകം എത്തി തുടങ്ങിയിട്ടുണ്ട്. ചന്ദ്രഗിരിയിലെ നിര്‍മ്മാണം കൂടി പൂര്‍ത്തീകരിക്കുന്നതോടെ പാചക വാതക വിതരണം പൂര്‍ണ്ണ സജ്ജമാകും.

കൊച്ചി മുതല്‍ മംഗളൂരു വരെ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ കൊച്ചിയിലെ മുഖ്യ ടെര്‍മിനലില്‍ നിന്നും കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളിലെ വ്യവസായങ്ങള്‍ക്ക് ആവശ്യമായ വാതക ഇന്ധനം എല്‍.എന്‍.ജി പൈപ്പുകള്‍ വഴി വിതരണം ചെയ്യാന്‍ കഴിയും. ഇതേ പൈപ്പ് ലൈന്‍ വഴി വീടുകളിലേക്കും പ്രകൃതി വാതകം എത്തിക്കും. 

പൈപ്പ് ലൈന്‍ പദ്ധതിക്കായി 2007 ലാണ് കേരളം ഗെയ്‌ലുമായി കരാറില്‍ ഏര്‍പ്പെട്ടത്. 2010ല്‍ പുതുവൈപ്പിനില്‍ നിന്നും അമ്പലമുകളിലേക്കുള്ള ആദ്യ പൈപ്പ് ലൈന്‍ പദ്ധതി ആരംഭിച്ച് 2013ല്‍ തന്നെ കമ്മീഷന്‍ ചെയ്യാനും കഴിഞ്ഞു. 

2012 ലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം തുടക്കമിടുന്നത്. കൊച്ചി-മംഗളൂരു, കൊച്ചി-കോയമ്പത്തൂര്‍-ബംഗളൂരു പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അനുമതിയും ലഭിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നു പോകുന്നത്. 

കൊച്ചി മുതല്‍ പാലക്കാട് വരെയുള്ള 97 കി. മീ 2019 ജൂണില്‍ കമ്മീഷന്‍ ചെയ്തു. ഏതാണ്ട് ഭൂമി ഏറ്റെടുക്കുന്നതിനായി 300 കോടി യോളം രൂപ ചെലവിട്ടു. വിളകള്‍ക്കും നാശനഷ്ടങ്ങള്‍ക്കുമായി 250 കോടിയും ഉപയോഗാവകാശം ഏറ്റെടുത്ത ഭൂമിക്കായി 33.32 കോടിയും വിതരണം ചെയ്തു. നെല്‍ വയലുകള്‍ക്കു നഷ്ടപരിഹാരമായി സെന്റിന് 3761 രൂപ വീതവും നല്‍കി. 

പരിസ്ഥിതിക്ക് ഇണങ്ങുന്ന പ്രകൃതി വാതകം ചെലവ് കുറഞ്ഞ രീതിയില്‍ ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ ഗുണം. നിലവില്‍ ലഭ്യമാകുന്ന സബ്‌സിഡി സിലണ്ടറിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പാചകവാതകം ലഭ്യമാകും എന്നതാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ഏറ്റവും വലിയ നേട്ടം. 

സി.എന്‍.ജി ഉപയോഗിക്കുന്നതിനാല്‍ മറ്റു ഇന്ധനങ്ങള്‍ അപേക്ഷിച്ചു 25 ശതമാനം ആകും കുറയുക. നിരത്തുകളില്‍ നിന്നും ടാങ്കര്‍ ലോറികള്‍ വഴിമാറുന്നതോടെ രാത്രികാലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് റോഡ് ഗതാഗതം കൂടുതല്‍ സുരക്ഷിതമാകും. അടിക്കടിയുണ്ടാകുന്ന എല്‍.പി.ജി ക്ഷാമത്തിനും പരിഹാരമാകും. എല്‍.പി.ജി ഇന്ധനമായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്കും ഇന്ധനച്ചെലവ് കുറക്കാന്‍ കഴിയും. 

മംഗളൂരു- കൊച്ചി പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ തലസ്ഥാനം വരെയുള്ള പ്രകൃതി വാതക നീക്കം കൂടുതല്‍ സുഗമമാകുമെന്നാണ് കണക്കുകൂട്ടല്‍. ഭാവി ഇന്ധനങ്ങളായ സി.എന്‍.ജിയും എല്‍.എന്‍.ജിയും തിരുവനന്തപുരം വരെയെത്തും.

കേരളത്തിന്റെ ശക്തമായ നിലപാടും ദീര്‍ഘവീക്ഷണവും തന്നെയാണ് ഗെയില്‍ വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാവാന്‍ കാരണം. ഇതിനായി നിരവധി കടമ്പകളാണ് സര്‍ക്കാരിനും ഗെയില്‍ അധികൃതര്‍ക്കും കടക്കേണ്ടി വന്നത്.

Post a Comment

0 Comments