NEWS UPDATE

6/recent/ticker-posts

സിനിമാ സെറ്റ് തകർത്ത കേസ്: ബജ്‌റംഗ്‌ദൾ ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

കൊച്ചി: മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബജ്‌റംഗ്‌ദൾ എറണാകുളം ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂർ (കാര രതീഷ്, 37) ആണ് അറസ്റ്റിലായത്.[www.malabarflash.com]

അങ്കമാലിയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മൂന്നു കൊലപാതകങ്ങളും നിരവധി വധശ്രമങ്ങളും ഉൾപ്പെടെ 29 കേസുകളിൽ പ്രതിയാണ്. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

ഞായറാഴ്ച വൈകിട്ടാണ് രാഷ്ട്രീയ ബജ്‌റംഗ്‌ദൾ പ്രവർത്തകർ കാലടി മണപ്പുറത്തെ പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റ് തകർത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറച്ചു പള്ളി നിർമിച്ചെന്ന് ആരോപിച്ചായിരുന്നു സെറ്റിന് നേരെയുള്ള അക്രമം.

സംഭവത്തിന്റെ അന്വേഷണം പോലീസിന്റെ പ്രത്യേക സംഘത്തെ ഏൽപ്പിച്ചിരുന്നു. ആലുവ റൂറൽ എസ്പി എം.ജെ.സോജനും പെരുമ്പാവൂർ ഡിവൈഎസ്പി കെ.ബിജുമോനും നയിക്കുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

സിനിമാ സെറ്റ് തകർത്ത് സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വര്‍ഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു. സംഭവുമായി ബിജെപിക്കോ ബിജെപിയുമായി ബന്ധമുള്ള സംഘടനകൾക്കോ ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

Post a Comment

0 Comments