Top News

ഈ ചിത്രത്തിനൊരു അടിക്കുറിപ്പ് വേണം, സമ്മാനമുണ്ടെന്ന് കേരള പോലീസ്; പ്രമുഖരടക്കം കമന്റ് ബോക്‌സില്‍

ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അടിക്കുറിപ്പ് മത്സരവുമായി കേരള പോലീസ്. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന 
പോലീസ് വാഹനത്തിനരികില്‍ ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ രസകരമായ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കുകയാണ് മത്സരം.[www.malabarflash.com]

മത്സരത്തിന്റെ ഭാഗമാകാന്‍ കമന്റ് ബോക്‌സില്‍ അടിക്കുറിപ്പുകള്‍ രേഖപ്പെടുത്താം. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രസകരമായ ഒരു കമന്റിന് സമ്മാനമുണ്ടെന്നാണ് പ്രഖ്യാപനം. എറണാകുളം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥനുമുന്നിലുള്ള നായയുടെ സ്റ്റണ്ട് പകര്‍ത്തിയിരിക്കുന്നത് ദീപേഷ് വിജിയാണ്.

പങ്കുവെച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പന്ത്രണ്ടായിരത്തോളം കമന്റുകളും എഴുന്നൂറിലധികം ഷേറുകളും നേടിയിട്ടുണ്ട് ചിത്രം. അതേസമയം, വിവിധ രംഗങ്ങളിലെ പ്രമുഖരും പോസ്റ്റിന് കമന്റിട്ട് മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്. ചലചിത്രതാരമായ നിര്‍മ്മല്‍ പാലാഴി, പ്രമുഖ മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്, ഷെഫ് സുരേഷ് പിള്ള എന്നിവരാണ് അക്കൂട്ടത്തിലെ ചിലര്‍

‘നിങ്ങള്‍ പറഞ്ഞാല്‍ എനിക്ക് പറഞ്ഞാല്‍ മനസ്സിലാവും ഞാന്‍ വീട്ടില്‍ അടങ്ങി ഇരിക്കാം സാറേ’- എന്നാണ് നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്.

‘സാറെ വഴിയേപോകുമ്പോള്‍ ചിലര്‍ കല്ലെറിയുന്നു, ഭര്‍ത്താവ് ഇട്ടിട്ടുപോയി. ഭക്ഷണം തേടി ഇറങ്ങുന്നതാണ്. കുഞ്ഞിന്റെ അവസ്ഥ സാറുമ്മാര്‍ കാണണം, കടകളും ഇല്ല ഞങ്ങളുടെ അവസ്ഥ മനസിലാക്കി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ അങ്ങേക്ക് കനിവുണ്ടാകണം’ – നായയുടെ അപേക്ഷ നിപിന്‍ നിരവത്ത് കുറിച്ചു.

‘സാറേ… നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും, ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ… കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പോലീസിലെടുക്കു പ്ലീസ്..’ എന്നായിരുന്നു ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്. നിലവില്‍ ആറായിരത്തിലധികം ലൈക്കുകളോടെ ലൈക്കില്‍ മുന്‍പില്‍ സുരേഷ് പിള്ളയുടെ ഈ കമന്റാണ്.

ഇവര്‍ക്കുപുറമെ രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ക്യാപ്ഷനായി നിര്‍ദേശിക്കപ്പെടുന്നത്. കൊവിഡ് മുതല്‍ അടുത്തിടെ ചര്‍ച്ചയായ തൃശ്ശൂര്‍ മേയറുടെ സല്യൂട്ട് വിവാദം വരെ കമന്റുകളില്‍ വിഷയമാകുന്നുണ്ട്.

Post a Comment

Previous Post Next Post