NEWS UPDATE

6/recent/ticker-posts

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; 50,000 രൂപയ്ക്ക് വിറ്റതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ അമ്മ 50,000 രൂപയ്ക്കു വിറ്റ മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തി. മകനെ തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പരാതി കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. ഗോരഖ്പൂരിലെ ഇലാഹിബാഗില്‍ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.[www.malabarflash.com]


സല്‍മ ഖാട്ടൂണ്‍ എന്ന യുവതിയാണ് കുഞ്ഞിനെത്തട്ടിക്കൊണ്ടുപോയെന്ന് പോലീസില്‍ പരാതിപ്പെട്ടത്. ചുവന്ന സാരിയുടുത്ത സ്ത്രീ കുഞ്ഞിനെ തട്ടിയെടുത്തശേഷം എസ്.യു.വിയില്‍ കടന്നുകളഞ്ഞതായി അവര്‍ പോലീസിനോടു പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോനം കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി കുട്ടിക്കായി തിരച്ചില്‍നടത്തി.

'ഖാട്ടൂണ്‍ ഇടയ്ക്ക് മൊഴി മാറ്റി. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവര്‍ കുഞ്ഞിനെ മറ്റൊരു സ്ത്രീയ്ക്കു കൈമാറിയതായി കണ്ടെത്തി. ആ സ്ത്രീ ഇ-റിക്ഷയില്‍ പോകുന്ന ദൃശ്യങ്ങളും കിട്ടി. ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന പോലീസ് ഹുമയുണ്‍പുര്‍ റോഡിനു സമീപം കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു'-എസ്.പി. പറഞ്ഞു.

ആക്രി സാധനങ്ങള്‍ പെറുക്കുന്നതാണ് കുഞ്ഞിന്റെ അച്ഛന്റെ ജോലി. കുടുംബത്തിലെ പട്ടിണിയാണ് ഖാട്ടൂണിനെ കുഞ്ഞിനെ വില്‍ക്കാന്‍ നിര്‍ബന്ധിതയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അതിനുശേഷമേ കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു. 

എന്നാല്‍, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ഖാട്ടൂണ്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. അച്ഛനറിയാതെയാണ് അമ്മ കുഞ്ഞിനെ വിറ്റതെന്നും കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ തട്ടിക്കൊണ്ടുപോയ കഥയുണ്ടാക്കുകയായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു.

Post a Comment

0 Comments