Top News

പാസ്‌പോര്‍ട്ട് മാറ്റി ഉപയോഗിച്ച് 30 തവണ വിദേശയാത്ര നടത്തി, ഇരട്ടകള്‍ അറസ്റ്റില്‍

കാഴ്ചയ്ക്ക് ഒരേ പോലിരിക്കുന്ന ഇരട്ടസഹോദരിമാര്‍ ആള്‍മാറാട്ടം നടത്തി വിദേശത്തേക്ക് സഞ്ചരിച്ചത് 30 തവണ. പരസ്പരം പാസ്‌പോര്‍ട്ട് മാറ്റി ഉപയോഗിച്ചാണ് ഇവര്‍ പലവട്ടം ജപ്പാന്‍, തായ്‌ലാന്‍ഡ്, റഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ചത്. ഒടുവില്‍ പോലീസ് ഈ വിവരം മനസ്സിലാക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.[www.malabarflash.com]

എങ്ങനെയാണ് തട്ടിപ്പിനെക്കുറിച്ച് മനസ്സിലാക്കിയതെന്നോ ഇവരെ കണ്ടെത്തിയത് എങ്ങനെയെന്നോ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മുഖസാദൃശം നോക്കി ആളെ തിരിച്ചറിയാനുള്ള ഫേഷ്യല്‍ റെകഗ്‌നിഷന്‍ സിസ്റ്റം വ്യാപകമായി ഉപയോഗിക്കുന്ന ചൈനയിലാണ് അമ്പരപ്പിക്കുന്ന ഈ ആള്‍മാറാട്ടം നടന്നത്. ഹെലോങ്ജിയാംഗ് പ്രവിശ്യയിലെ ഹര്‍ബിന്‍ സ്വശേദികളായ ഴൂ മൗഹോങ്, ഇരട്ട സഹോദരി ഴൂ മൗവി എന്നിവരെയാണ് വടക്കന്‍ ചൈനയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

ആള്‍മാറാട്ടം നടത്തി സഞ്ചരിച്ചുവെന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാഴ്ചയില്‍ ഒരു പോലിരിക്കുന്നതിനാല്‍ ഇരുവരെയും തിരിച്ചറിയുക എളുപ്പമല്ല. ഈ സാമ്യമാണ് ഇരുവരും ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു

ഴൂ മൗഹോങാണ് ആദ്യം ഈ തട്ടിപ്പ് നടത്തിയത്. ഒരു ജപ്പാന്‍കാരനെ വിവാഹം ചെയ്ത ഇവര്‍ ഭര്‍ത്താവിനെ കാണാന്‍ ജപ്പാനിലേക്ക് പോവാന്‍ ശ്രമിച്ചപ്പോള്‍ വിസ അപേക്ഷ നിരസിക്കപ്പെട്ടു. സഹോദരിയായ ഴൂ മൗവിക്ക് ജപ്പാനിലേക്കുള്ള വിസ ലഭ്യമായിരുന്നു. തുടര്‍ന്ന്, സഹോദരിയുടെ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് അവള്‍ ജപ്പാനിലേക്ക് പോയി. ഇതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. 

പിന്നീട്, വിസ കിട്ടാത്ത പ്രശ്‌നം വന്നപ്പോഴൊക്കെ അവള്‍ സഹോദരിയുടെ പാസ്‌പോര്‍ട്ട് മാറ്റി ഉപയോഗിച്ച് വിദേശയാത്ര നടത്തുകയായിരുന്നു. ഇങ്ങനെ 30 തവണ ഇവര്‍ ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ്തായാണ് തെളിഞ്ഞത്. സമാനമായ രീതിയില്‍ നാലു തവണ ഇവരുടെ ഇരട്ട സഹോദരിയായ ഴൂ മൗവി തായ്‌ലാന്റില്‍ സന്ദര്‍ശനം നടത്തിയതായും പൊലീസ് കണ്ടെത്തി.

ഈ വര്‍ഷം ആദ്യം മുതലാണ് ഇവര്‍ ഈ ആള്‍മാറാട്ടം നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇക്കാര്യം പുറത്തായതിനെ തുടര്‍ന്ന് ജപ്പാനില്‍ കഴിയുകയായിരുന്ന ഴൂ മൗവിനെ പൊലീസ് നാട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിലെ ഇമിഗ്രേഷന്‍ നിയമപ്രകാരം ഒരു വര്‍ഷമെങ്കിലും തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണ് ഇരുവരും ചെയ്തതെന്ന് അഭിഭാഷകരെ ഉദ്ധരിച്ച് ചൈനീസ് പത്രമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു

സംഭവം പുറത്തുവന്നതോടെ, ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇമിഗ്രേഷന്‍ വ്യവസ്ഥയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നു. ഇത്രയുമേറെ തവണ തട്ടിപ്പ് നടത്തിയിട്ടും പിടിക്കാന്‍ കഴിയാതിരുന്നത് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ വീഴ്ചയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

Post a Comment

Previous Post Next Post