Top News

കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചാരണം; പോലീസ് കേസെടുത്തു

കോഴിക്കോട്: കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കുന്ദമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.[www.malabarflash.com]


മർക്കസിന്റെ പേരും സീലുമുള്ള ലെറ്റർ പാഡിലാണ് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്. കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കുന്നതാണ് നല്ലതെന്നാണ് പ്രചാരണം. കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ ചിത്രം പതിച്ച പ്രസ്താവനകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കാന്തപുരത്തിന്റേതെന്ന നിലയില്‍ സാമൂഹിക മാധ്യമത്തിലൂടെ വ്യാജ അറിയിപ്പുകളും പ്രസ്താവനകളും നല്‍കുന്നതിനെതിരെയാണ് മര്‍കസ് അധികൃതര്‍ പരാതി നല്‍കിയത്. വ്യാജ പ്രസ്താവനകളുടെ പകര്‍പ്പുകള്‍ സഹിതമാണ് പരാതി സമര്‍പ്പിച്ചിരുന്നത്.

ഇത്തരം വ്യാജ അറിയിപ്പുകള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കും പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കുമെന്നും അതിനാല്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

വ്യാജ പ്രസ്താവനകള്‍ക്കെതിരെ മര്‍കസ് ഔദ്യോഗിക വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന്റെ പകര്‍പ്പും പരാതിയോടൊപ്പം നല്‍കിയിരുന്നു. ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പ് സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡ്, സീല്‍ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജമായി സൃഷ്ടിക്കുകയും സാമൂഹിക മാധ്യമത്തില്‍ നല്‍കിയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post