Top News

അവസാന കോവിഡ് രോഗിയും പടിയിറങ്ങി;ജനറല്‍ ആശുപത്രിക്ക് ചരിത്ര നേട്ടം

കാസര്‍കോട്: നാടിനെയാകെ ഭീതിപ്പെടുത്തി കടന്നു വന്ന മഹാമാരിയെ പടിയിറക്കി കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ചരിത്ര ദൗത്യം. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ അവസാനത്തെയാളും ചൊവ്വാഴ്ച   ഉച്ചയോടെ ആശുപത്രിയുടെ പടിയിറങ്ങിയപ്പോള്‍ കൈകോര്‍ത്ത് പിടിച്ച് നേടിയ മഹാ ദൗത്യ വിജയത്തിന്റെ ആഹ്ലാദത്തിലാണ് ജനറല്‍ ആശുപത്രിയും കാസര്‍കോടന്‍ ജനതയും.[www.malabarflash.com]

ജനറല്‍ ആശുപത്രിയില്‍ അവശേഷിച്ചിരുന്ന കോവിഡ് രോഗിയായ ഇബ്രാഹിം കുഞ്ഞാണ് രോഗം ഭേദപ്പെട്ട് ചൊവ്വാഴ്ച   ആശുപത്രി വിട്ടത്.
ദുബൈയില്‍ നിന്ന് വന്ന ബേവിഞ്ച സ്വദേശിയായ യുവാവിനെയാണ് ഒരു മാസം മുമ്പ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട് ആദ്യമായി ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 

പിന്നീട് ഇവിടത്തേക്ക് കോവിഡ് രോഗികളുടെ പ്രവാഹമായിരുന്നു. ഇതു കണ്ട് കാസര്‍കോട് കണ്ണുതള്ളി നിന്നു. എന്നാല്‍ രോഗികളുടെ എണ്ണം ഉയര്‍ന്നത് പോലെ തന്നെ പൊടുന്നനെ ജനറല്‍ ആസ്പത്രിയിലെ കോവിഡ് വാര്‍ഡില്‍ കിടക്കകള്‍ ഒഴിയുന്ന കാഴ്ചയും കണ്ടു. ചൊവ്വാഴ്ച  അവസാനത്തെ രോഗിയും കിടക്കയില്‍ നിന്നെണീറ്റ് പുഞ്ചിരിയോടെ വീട്ടിലേക്ക് നടന്നു നീങ്ങിയപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ഓരോ മണ്‍തരിയും ആഹ്ലാദം കൊണ്ടു കാണണം. 

ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മുഖത്ത് ഉദിച്ച ആഹ്ലാദത്തിന് നട്ടുച്ച സൂര്യന്റെ ശോഭയായിരുന്നു.
കേരളത്തിന് തന്നെ മാതൃകയാകുന്ന തരത്തിലായിരുന്നു ജനറല്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡിന്റെ പ്രവര്‍ത്തനം. നിശ്ചിത സമയത്തിലൊതുക്കാതെ മണിക്കൂറുകളോളം രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്ത് ജനറല്‍ ആശുപത്രിയെ കോവിഡ് വിമുക്തമാക്കിയ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 

ഈ കോവിഡ് കാലത്ത് നന്മയുടെ കുറെ പ്രകാശങ്ങളും ജനറല്‍ ആശുപത്രിയില്‍ കണ്ടു. കോവിഡ് വാര്‍ഡില്‍ ഉണ്ടായിരുന്ന ദമ്പതികളുടെ പിഞ്ചുകുഞ്ഞിന്റെ പിറന്നാള്‍ ദിനം നഴ്‌സുമാരുടെ നേതൃത്വത്തില്‍ ആഘോഷിക്കപ്പെട്ടതും ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ളവര്‍ക്ക് പാട്ടുപാടി യാത്രയയപ്പ് നല്‍കിയതും കോവിഡ് ഭേദപ്പെട്ട് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കിയതും ജനറല്‍ ആശുപത്രിയില്‍ ഈ കോവിഡ് കാലത്ത് കണ്ട മനോഹര കാഴ്ചകളായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ആദ്യം കോവിഡ് ആശുപത്രിയായി സജ്ജീകരിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് 89 പേരാണ് രോഗമുക്തി നേടിയത്.

Post a Comment

Previous Post Next Post