NEWS UPDATE

6/recent/ticker-posts

‘അറിഞ്ഞോ, നമ്മുടെ സലിം കുമാർ മരിച്ചുപോയി’; വ്യാജവാർത്തകൾക്കെതിരെ നടന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

വ്യാജവാർത്തകൾ പങ്കുവെക്കപ്പെടുന്ന പ്രവണതക്കെതിരെ ഫിക്ഷൻ എഴുത്തുമായി നടൻ സലിം കുമാർ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അണ്ടർവേൾഡ് എന്ന് പേരിട്ടിരിക്കുന്ന കുറിപ്പ് അദ്ദേഹം പുറത്തുവിട്ടത്. [www.malabarflash.com]

സലിം കുമാർ മരണപ്പെട്ടു എന്ന വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ഒരാളും സലിം കുമാർ നല്ലൊരു മനുഷ്യനാണ് എന്ന് പറയുന്ന ചിലരും മരണവാർത്ത നിഷേധിക്കുന്ന മറ്റൊരാളുമാണ് കുറിപ്പിലെ കഥാപാത്രങ്ങൾ. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സലിം കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
അണ്ടർവേൾഡ്
‘അറിഞ്ഞോ നമ്മുടെ സലിം കുമാർ മരിച്ചുപോയി’. അവിടെ ഇരിക്കുന്ന എല്ലാവർക്കും ഒരേ പേര് ആയതുകൊണ്ട് ഈ വാർത്ത അറിയിച്ച ആളെ നമുക്ക് ഒന്നാമനെന്ന് വിളിക്കാം.
ഒന്നാമന്റെ ഈ വാർത്ത കേട്ട് അവിടെ ഇരിക്കുന്ന ചിലർ അത്ഭുതസപ്തരായി. മറ്റുചിലർ സങ്കട പരവശരായി, ബാക്കിയുണ്ടായിരുന്ന ചിലർ വിഷാദ മൂകരായി.
‘ എങ്ങനെ ആയിരുന്നു അന്ത്യം’
‘ എങ്ങനെയായിരുന്നു എവിടെ വെച്ചായിരുന്നു എന്നൊന്നും അറിയില്ല പക്ഷേ സംഭവം നൂറുശതമാനം സത്യം ആവാനാണ് സാധ്യത’.
‘ഇതിൽ എനിക്കൊരു സംശയം ഉണ്ട് ‘.
സംശയക്കാരൻ തുടർന്ന്.
‘അല്ല ഈ സലിംകുമാർ മരിച്ചുകഴിഞ്ഞാൽ, അയാളുടെ വീട്ടിൽ നിന്നു കുടുംബത്തിൽ ഉള്ളവരുടെ കരച്ചിൽ കേൾക്കില്ലേ നിങ്ങൾ ആരെങ്കിലും അങ്ങനെ വല്ലതും കേട്ടോ’
സംശയക്കാരനു മറുപടിയെന്നോണം ഒന്നാമൻ തുടർന്നു
‘എടാ അതിനു അങ്ങേർക്ക് രണ്ട് ആൺമക്കൾ അല്ലേ, അല്ലെങ്കിൽ തന്നെ ആണുങ്ങളുടെ കരച്ചിൽ ആര് കേൾക്കാനാ, ഇതിനാണ് പഴമക്കാർ പറയുന്നത് ചത്താൽ നാലുപേരെ അറിയിക്കാൻ പെണ്മക്കൾ വേണമെന്ന്’.
ഒന്നാമന്റെ പഴഞ്ചൊൽ പ്രയോഗം വളരെ അർത്ഥവത്താണെന്നു അവിടെ ഇരിക്കുന്നതിൽ പ്രായം ചെന്ന ചിലർ തലയാട്ടി സമ്മതിച്ചു.
മറ്റുചിലർ പരേതനോടൊത്തുള്ള മധുര സ്മരണകളിലേക്ക് ഊളിയിട്ടു ഇറങ്ങി.
ഊളിയിട്ടു ഇറങ്ങിയവരിൽ ആദ്യം സംസാരിച്ചത് ജരാനരകൾ ബാധിച്ച ഒരു വൃദ്ധനായിരുന്നു.
‘സലിംകുമാറിന് നാഷണൽ അവാർഡ് കിട്ടിയപ്പോൾ അത് വാങ്ങാൻ ഡൽഹിക്ക് പോയ സമയത്ത് അദ്ദേഹത്തെ അനുഗമിച്ചത് ഞാനായിരുന്നു. ആ സുവർണ്ണാവസരം എനിക്ക് ലഭിച്ചതിൽ നിങ്ങളിൽ പലർക്കും എന്നോട് അസൂയ ഉണ്ടെന്ന് അറിയാം, എന്നിരുന്നാലും മധുര സ്മരണകൾ തുളുമ്പുന്ന ആ ഓർമ്മകൾ പരേതനോടുള്ള ആദരസൂചകമായി ഞാൻ നിങ്ങളോട് പങ്കുവയ്ക്കുകയാണ്’.
ഈ പങ്കുവെച്ച ആളെ നമുക്ക് അബു എന്ന് വിളിക്കാം
അബു വിന്റെ സ്മരണകൾ തുടർന്നു കൊണ്ടിരിക്കുമ്പോൾ അതിന് തടസ്സപ്പെടുത്തി കൊണ്ട് മറ്റൊരാൾ തന്റെ അനുശോചന പ്രഭാഷണം തുടങ്ങിക്കഴിഞ്ഞു
‘ ശ്രീ സലിം കുമാറിന്റെ മരണം മലയാള സിനിമക്കെന്നല്ല കേരള രാഷ്ട്രീയത്തിന് തന്നെ ഒരു തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനു വേണ്ടി അദ്ദേഹത്തോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞ എനിക്ക് നിസ്സംശയം പറയാൻ സാധിക്കും.

‘അല്ലയോ നേതാവേ ഈ വക തള്ള് വർത്തമാനങ്ങൾ ഇത്തരം ആളുകൾ മരിക്കുമ്പോൾ ഞങ്ങൾ ഒരുപാട് കേട്ടിട്ടുള്ളതാണ്, എന്റെ അറിവ് ശരിയാണെങ്കിൽ ശ്രീ സലിം കുമാർ നന്ദികെട്ടവനും, ഉപകാര സ്മരണ ഇല്ലാത്തവനും ആയിരുന്നു എന്നാണ് ‘.
ന്യൂജൻ തലമുറയിൽപ്പെട്ട അയാളുടെ ഈ അസമയത്തുള്ള പ്രസ്താവന ഒട്ടും രസിക്കാത്ത നേതാവ് അയാളെ ശകാരിച്ചുകൊണ്ടു പറഞ്ഞു,,
‘ഒരാൾ മരിച്ചു കിടക്കുമ്പോൾ ആണോ ടിയാനെ കുറിച്ചുള്ള വ്യക്തിഹത്യ നടത്തുന്നത്. ഇത് അതിനുള്ള സമയം അല്ല എന്ന് ഓർക്കണം’.
‘ ഏതു സമയം ആയിരുന്നാലും എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞിരിക്കും, നിങ്ങൾക്ക് ഒരു പക്ഷേ അറിയാമായിരിക്കും നമുക്ക് മുന്നേ അയാൾക്ക് വേണ്ടി സേവനമനുഷ്ഠിച്ച നമ്മുടെ പൂർവികരുടെ അവസ്ഥ അവസാനം എന്തായെന്ന്. ആവശ്യം കഴിഞ്ഞപ്പോൾ അയാൾ അവരെ വലിച്ചെറിഞ്ഞില്ലേ. ഒരു കറിവേപ്പിലയുടെ വിലപോലും തന്നോ ?
ന്യൂജെന്റെ ഈ ആരോപണങ്ങൾക്ക് ആർക്കും തന്നെ ഒരു മറുപടിയുണ്ടായില്ല. വല്ലാത്തൊരു മൗനം അവിടെ തളം കെട്ടി നിന്നു. തളം കെട്ടി നിന്ന മൗനത്തെ കോരികളഞ്ഞ് കൊണ്ട് ന്യൂജെനെ ശാന്തനാക്കാൻ അബു പറഞ്ഞു തുടങ്ങി
‘ മോനേ നിന്റെ പ്രായക്കുറവും ഈ രംഗത്തുള്ള നിന്റെ പരിചയക്കുറവു കൊണ്ടും അങ്ങനെ തോന്നുന്നതാണ് സലിംകുമാർ എന്നല്ല അവരുടെ വർഗ്ഗം തന്നെ അങ്ങനെയാണ് ഉപയോഗം കഴിഞ്ഞാൽ ഒരു കറിവേപ്പില പോലെ വലിച്ചെറിയും പിന്നെ അവർ നമ്മളെയൊന്ന് കൈ കൊണ്ട് തൊടാൻ പോലും അറക്കും’.
കണ്ണുകൾ തുടച്ചു കൊണ്ട് അബു തുടർന്നു
‘ അതു നമ്മുടെ വിധിയാണെന്നു കരുതി സമാധാനിക്കാം’.

Post a Comment

0 Comments