Top News

ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റും സാമ്പത്തിക സഹായവും; തമിഴ്‌നാട്, കര്‍ണാടക സ്വദേശികള്‍ പിടിയില്‍

ബെംഗളൂരു: തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ രണ്ടുപേരെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുൾ ഖാദർ(40) ബെംഗളൂരു സ്വദേശി ഇർഫാൻ നാസിർ(33) എന്നിവരെയാണ് എൻ.ഐ.എ. സംഘം പിടികൂടിയത്.[www.malabarflash.com]


ഇരുവരും യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തതിനൊപ്പം സിറിയയിലേക്കുള്ള യാത്രയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായും എൻ.ഐ.എ. ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവരുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ ചില രേഖകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ അബ്ദുൾ ഖാദർ ചെന്നൈയിലെ ഒരു ബാങ്കിൽ ബിസിനസ് അനലിസ്റ്റായി ജോലിചെയ്യുകയാണ്. ഇർഫാൻ നാസിർ ബെംഗളൂരുവിൽ അരി വ്യാപാരിയാണ്. ബെംഗളൂരു ഐ.എസ്. മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് രണ്ടുപേരെയും എൻ.ഐ.എ. അറസ്റ്റ് ചെയ്തത്.

നേരത്തെ ഡൽഹിയിൽ അറസ്റ്റിലായ കശ്മീരി ദമ്പതിമാരിൽനിന്നാണ് ഐ.എസുമായി ബന്ധപ്പെട്ട കൂടുതൽപേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. തുടർന്ന് ഹൈദരാബാദിൽനിന്ന് അബ്ദുള്ള ബാസിത് എന്നയാളെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ബെംഗളൂരുവിലെ നേത്രരോഗ വിദഗ്ധൻ ഡോ. അബ്ദുറഹ്മാനും എൻ.ഐ.എ.യുടെ പിടിയിലായി. ഇയാളിൽനിന്നാണ് 2013-14 കാലയളവിൽ ഐ.എസിൽ ചേരാനായി സിറിയയിലേക്ക് പോയ മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചത്.


ഐ.എസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ അബ്ദുൾ ഖാദറിനെക്കുറിച്ചും ഇർഫാൻ നാസിറിനെക്കുറിച്ചും ഈ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കിട്ടി. ഹിസ്ബുത്ത് തെഹ്രീർ അംഗങ്ങളായ ഇരുവരും ഖുറാൻ സർക്കിൾ എന്ന പേരിൽ ബെംഗളൂരു ആസ്ഥാനമാക്കി ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും സിറിയയിലേക്ക് പോകാനുള്ള സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു.

നിരവധി ഉറവിടങ്ങളിൽനിന്ന് ഇരുവരും പണം സമാഹരിച്ചിരുന്നതായാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതിനുപുറമേ സംഭാവനകളായും പണം സ്വീകരിച്ചിരുന്നു. ഈ സഹായം ഉപയോഗിച്ചാണ് ഡോ. അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ള യുവാക്കൾ സിറിയയിൽ പോയതെന്നും ഇവരിൽ രണ്ടുപേർ അവിടെ കൊല്ലപ്പെട്ടെന്നും എൻ.ഐ.എ. ഉദ്യോഗസ്ഥർ പറഞ്ഞു.

ബുധനാഴ്ച അറസ്റ്റ് ചെയ്ത അബ്ദുൾ ഖാദറിനെയും ഇർഫാൻ നാസിറിനെയും ബെംഗളൂരു എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി. പത്ത് ദിവസത്തേക്ക് ഇരുവരെയും എൻ.ഐ.എ. കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post