Top News

പൂരം മീനത്തിൽ; എങ്കിലും പാലക്കുന്ന് കഴകത്തിൽ മറുത്തു കളിക്ക് തുടക്കമായി

പാലക്കുന്ന്: മീനം മകീര്യം നാളിലാണ് പൂരോത്സവത്തിന് തുടക്കമെങ്കിലും അതിന്റെ ഭാഗമായി പാലക്കുന്ന് കഴകത്തിൽ മറുത്തു കളി കുംഭം മകീര്യം നാളിൽ തന്നെ ആരംഭിച്ചു. ഇത് മറ്റെങ്ങും ഇല്ലാത്ത രീതിയാണ്. അഞ്ചു വർഷത്തിന് ശേഷമാണ് പൂരോത്സവത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുത്തു കളി നടത്തുന്നത്.[www.malabarflash.com]


മൂന്ന് തറകൾ കേന്ദ്രീകരിച്ചാണ് അതിനായി പണിക്കന്മാരെ നിശ്ചയിക്കുന്നത്. മേൽത്തറയിലെ രാജേഷ് അണ്ടോൾ പണിക്കരും കീഴ്ത്തറയിലെ ബാബു അരയി പണിക്കരും തമ്മിലുള്ള മറുത്തു കളി തിങ്കളാഴ്ച മേൽത്തറ തറയിൽ വീട് തറവാട്ടിൽ അരങ്ങേറി. നീലമന ഈശ്വരൻ നമ്പൂതിരിയായിരുന്നു അധ്യക്ഷൻ. 22ന് ഇവർ കീഴ്‌ത്തറയിൽ മറുത്തു കളി നടത്തും.

പണിക്കന്മാർ സംസ്കൃത പദ്യം ചൊല്ലി മലയാളത്തിൽ വ്യാഖ്യാനം നടത്തി സംവാദം നടത്തും. അത് നീണ്ടുപോകുമ്പോൾ അധ്യക്ഷൻ ഇടപെടും. ഇത് കേൾക്കാനും പൂരക്കളി കാണാനും നൂറു കണക്കിനാളുകൾ മേൽത്തറയിൽ എത്തിയിരുന്നു. വ്യാഴാഴ്ച്ച ഈ പണിക്കന്മാരുടെ കളി കീഴ്ത്തറയിൽ തുടരും. 

പൂരോത്സവനാളിൽ പാലക്കുന്ന് ക്ഷേത്രത്തിൽ പെരുമുടി തറ, മേൽത്തറ പണിക്കന്മാർ മാർച്ച്‌ 21നും, കീഴ്ത്തറ, പെരുമുടി തറ പണിക്കന്മാർ 22നും മറുത്തു കളി നടത്തും. പൂരം ഒന്നാം നാളായ 23ന് മൂന്ന് പണികന്മാരും ചേർന്ന് ഒത്തുകളിയും നടത്തും.

Post a Comment

Previous Post Next Post