Top News

'പാര്‍ട്ടിയേയും അണികളെയും വഞ്ചിച്ചു'; കേരളബാങ്ക് ഡയറക്ടര്‍സ്ഥാനം ലഭിച്ച ലീഗ് എം.എല്‍.എക്കെതിരെ പോസ്റ്റര്‍

മലപ്പുറം: കേരള ബാങ്ക് ഭരണസമിതി അംഗമായി ചുമതലയേറ്റ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന എം.എല്‍.എ.യുമായ പി. അബ്ദുല്‍ ഹമീദിനെതിരേ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച 'ജൂതാസ്‌' എന്നാണ് പോസ്റ്ററില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.[www.malabarflash.com]

അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. അബ്ദുല്‍ ഹമീദിന്റെ ചിത്രം സഹിതമുള്ള പോസ്റ്ററുകളാണ് പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്നത്. കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് അബ്ദുല്‍ ഹമീദിനെ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് പോസ്റ്ററുകള്‍.

മുസ്‌ലിംലീഗിന് കേരള ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനംനല്‍കിയെ സിപിഎം നടപടിക്ക് പിന്നാലെയാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കേരള ബാങ്ക് രൂപവത്കരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ടിരുന്ന ലീഗിന്റെ മലപ്പുറം ജില്ലാസെക്രട്ടറി പി. അബ്ദുള്‍ഹമീദ് എം.എല്‍.എ. അതേബാങ്കില്‍ ഡയറക്ടര്‍സ്ഥാനം സ്വീകരിച്ചതില്‍ ലീഗ് അണികള്‍ക്കും കടുത്ത എതിര്‍പ്പുണ്ട് . കോണ്‍ഗ്രസും വിയോജിപ്പ് പ്രകടിപ്പിച്ചു.

കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനെതിരേ മലപ്പുറം ജില്ലാബാങ്ക് നിയമപോരാട്ടം തുടരുന്നതിനിടെയാണ് നടപടി. അതേസമയം കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ എം.എല്‍.എ.യെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഭരണസമിതി അംഗമാക്കാനുള്ള തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്. സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ നേരത്തേ ലീഗ് പ്രതിനിധി ഉണ്ടായിരുന്നു. സഹകരണ മേഖലയില്‍ രാഷ്ട്രീയം കാണാതെ എല്ലാവരും ഒരുമിച്ചു പോകണമെന്നാണ് ലീഗ് നിലപാടെന്നും സലാം പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post