NEWS UPDATE

6/recent/ticker-posts

കെയ്റോ സമാധാന ഉച്ചകോടിയിൽ ഇസ്റാഈൽ ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് അറബ് നേതാക്കൾ

കെയ്‌റോ: ഗസ്സയിൽ ഇസ്റാഈൽ രണ്ടാഴ്ചയായി തുടരുന്ന കിരാത ആക്രമണത്തെ അപലപിച്ച് അറബ് നേതാക്കൾ. ഇസ്റാഈലും ഫലസ്തീനും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന അക്രമങ്ങൾ അവസാനിപ്പിച്ച് മിഡിൽ ഈസ്റ്റ് മേഖലയിൽ സമാധാനം സ്ഥാപിക്കാൻ പുതിയ ശ്രമങ്ങൾ ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു. കൈറോ സമാധാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അറബ് നേതാക്കൾ.[www.malabarflash.com]

2.3 ദശലക്ഷം ആളുകൾ വസിക്കുന്ന ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന അഭൂതപൂർവമായ ബോംബാക്രമണത്തിലും ഉപരോധത്തിലും അറബ് രാജ്യങ്ങൾ രോഷം പ്രകടിപ്പിച്ചു.

ഇസ്റാഈൽ ഗസ്സയിലെ ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കാൻ നടത്തുന്ന ശ്രമങ്ങളെ സമ്മേളനത്തിൽ സംസാരിച്ച സഊദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇസ്റാഈലിനെ നിർബന്ധിക്കണമെന്ന് രാജ്യം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും ജോർദാൻ രാജാവ് അബ്ദുല്ലയും ഇസ്രാഈൽ ആക്രമണത്തെക്കുറിച്ചുള്ള ആഗോള നിശബ്ദതതയെ അപലപിച്ചു. ഇസ്റാഈൽ – ഫലസ്തീൻ തർക്കത്തിൽ സമവായ സമീപനത്തിന് അവർ ആഹ്വാനം ചെയ്യുകയും ചെയ്തു.ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഇസ്രയേലിലും നിരപരാധികളായ സാധാരണക്കാർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ താൻ രോഷാകുലനും ദുഃഖിതനുമാണെന്ന് അബ്ദുല്ല രാജാവ് തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഫലസ്തീനികളെ നിർബന്ധിതമോ ആഭ്യന്തരമോ ആയി കുടിയിറക്കുന്നത് യുദ്ധക്കുറ്റമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനികളെ കുടിയിറക്കുകയോ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുകയോ ചെയ്യില്ലെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. “ഞങ്ങൾ പോകില്ല, ഞങ്ങൾ പോകില്ല,” – അദ്ദേഹം ഉച്ചകോടിയിൽ വ്യക്തമാക്കി.

സിവിലിയൻ ജീവനുകളുടെ പരമാവധി സംരക്ഷണം, മാനുഷിക സഹായത്തിനുള്ള തടസ്സമില്ലാത്ത പ്രവേശനം, ഗാസ മുനമ്പിലെ ശത്രുതയ്ക്ക് ഉടനടി അന്ത്യം കുറിക്കുക എന്നിവയ്ക്കുവേണ്ടിയുള്ള ആഹ്വാനങ്ങളിൽ യുഎഇ അചഞ്ചലമായി നിലകൊള്ളുന്നതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സമ്മേളനത്തിന് ശേഷം എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാനും മേഖലയിലെ അസ്ഥിരത തടയാനും അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

സിവിലിയൻമാർക്ക് സഹായം എത്തിക്കാൻ ഒരു മാനുഷിക ഇടനാഴി ആവശ്യമാണെന്നും ഇത് വെടിനിർത്തലിന് കാരണമാകുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ ഉച്ചകോടിയിൽ പറഞ്ഞു. ഹമാസിനെതിരായ ഇസ്റാഈലിന്റെ യുദ്ധം ഗസ്സയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയോടെ വേണം തുടരാനെന്ന് ജർമ്മനി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാനും സംയമനം പാലിക്കാനും ഇസ്രായേൽ സൈന്യത്തോട് ബ്രിട്ടൻ അഭ്യർത്ഥിച്ചു.

ഗസ്സയിൽ ഇസ്റാഈൽ ഒരു കര ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഈജിപ്തിന്റെ നേതൃത്വത്തിൽ സമാധാന ഉച്ചകോടി ചേരുന്നത്. ഇസ്റാഈലിൽ നിന്നും യുഎസിൽ നിന്നും ആരും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ഉച്ചകോടിയിൽ ഒരു പൊതു അഭിപ്രായം രൂപപ്പെടാനുള്ള സാധ്യത വിരളമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും പൊതുവിൽ ഇസ്റാഈൽ ആക്രമണത്തെ അപലപിക്കുകയാണ് രാഷ്ട്ര നേതാക്കൾ ചെയ്തത്.

ഗസ്സയിൽ രണ്ടാഴ്ചയായി തുടരന്നു ഇസ്റാഈൽ ആക്രമണത്തിൽ ഇതുവരെ 4,100-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു.

Post a Comment

0 Comments